കണ്ണൂർ: സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് വയോജനങ്ങൾക്കായി ‘പെയ്ഡ്’ വാസസ്ഥലങ്ങൾ വരുന്നു. സീനിയർ സിറ്റിസൺ ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.തനിച്ച് താമസിക്കുന്നവരും വരുമാനമുള്ളവരുമായവർക്ക് ഒരുമിച്ച് സുരക്ഷിതമായി താമസിക്കാനുള്ള ഇടങ്ങളായാണ് ഈ കേന്ദ്രങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ പറഞ്ഞു. ‘വയോ സെന്ററുകൾ’എന്നാണ് കേന്ദ്രങ്ങൾക്ക് നൽകിയ പേര്.കെട്ടിടവാടക, ഭക്ഷണം തുടങ്ങിയ ചെലവുകൾ അന്തേവാസികൾ വഹിക്കണം. വെള്ളം, വൈദ്യുതി എന്നിവ സർക്കാർ വഹിക്കും. വൈദ്യപരിശോധന, ചികിത്സ എന്നിവ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. സ്ഥാപനങ്ങൾ ആരംഭിക്കാൻ സ്വകാര്യ പങ്കാളിത്തവും സ്വീകരിക്കും. ജനസംഖ്യയിൽ 20 ശതമാനം വയോജനങ്ങളുള്ള കേരളത്തിൽ പദ്ധതിക്ക് പ്രധാന്യമുണ്ട്.സംസ്ഥാനത്തെ ആദ്യത്തെ വയോ സെന്റർ കണ്ണൂരിൽ സ്ഥാപിക്കുമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ സീനിയർ സിറ്റിസൺസ് ഫ്രൻഡ്‌സ്‌ വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള പറഞ്ഞു. കീഴല്ലൂർ പഞ്ചായത്തിൽ കണ്ണൂർ വിമാനത്താവളത്തിനടുത്ത് ഇതിനുള്ള കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം തയ്യാറാക്കുന്നതിനും തൊഴിൽസംരംഭം ആരംഭിക്കാനും കുടുംബശ്രീയുമായി സഹകരണമുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here