* ആകെ വോട്ടർമാർ 2,70,99,326

*വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 3.75 ലക്ഷം പേർ ഒഴിവായി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത് ഇതിൽ 5,74,175 വോട്ടർമാർ പുതുതായി പേരു ചേർത്തവരാണ്.

അന്തിമ വോട്ടർപട്ടിക പ്രകാരമുള്ള ആകെ വോട്ടർമാരിൽ 1,39,96,729 പേർ സ്ത്രീകളാണ്. ആകെ പുരുഷ വോട്ടർമാർ – 1,31,02,288, ആകെ ഭിന്നലിംഗ വോട്ടർമാർ – 309, സ്ത്രീ പുരുഷ അനുപാതം 1068, കൂടുതൽ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം (32,79,172), കുറവ് വോട്ടർമാർ ഉള്ള ജില്ല – വയനാട് (6,21,880), കൂടുതൽ സ്ത്രീ വോട്ടർമാർ ഉള്ള ജില്ല – മലപ്പുറം (16,38,971), കൂടുതൽ ഭിന്നലിംഗ വോട്ടർമാരുള്ള ജില്ല – തിരുവനന്തപുരം (60), ആകെ പ്രവാസി വോട്ടർമാർ – 88,223, പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല – കോഴിക്കോട് (34,909), സംസ്ഥാനത്ത് 25,177 പോളിംഗ് സ്റ്റേഷനുകളുണ്ട്.

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2024-ന്റെ ഭാഗമായി വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് നടന്നതെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസർമാർ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരുടെ ഉൾപ്പെടെയുള്ള വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3,75,867 പേർ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 27.10.2023-ൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിന്മേൽ സമ്മതിദായകരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുള്ളതാണ് അന്തിമ വോട്ടർ പട്ടിക.

അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് തിരഞ്ഞെടുപ്പിന് മുൻപ് വരെ അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ട്. ഇത് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. അന്തിമവോട്ടർ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ (www.ceo.kerala.gov.in) ലഭ്യമാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here