തൃശൂർ: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സിന്റെ സഹായത്തോടെയുള്ള നൂതന രീതികളിലൂടെ മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ്. വിദേശത്തും ഇതര സംസ്ഥാനങ്ങളും പരീക്ഷിച്ച് വിജയിച്ച പദ്ധതികളാണ് നടപ്പാക്കുക.വന്യമൃഗ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള ഏർളി വാണിംഗ് സിസ്റ്റവും ആക്രമണകാരികളായ വിവിധ മൃഗങ്ങളെ നേരിടാനുള്ള പ്രത്യേക രീതികളും ഇവയിൽപെടും. വനാതിർത്തിയിൽ നിശ്ചിത അകലത്തിൽ തെൽമൽ ക്യാമറകൾ സ്ഥാപിച്ച് അവയെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഏർളി വാണിംഗ് സിസ്റ്റം. മൃഗങ്ങളുടെ സാന്നിദ്ധ്യമറിഞ്ഞ് എസ്.എം.എസ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ ഉദ്യോഗസ്ഥർക്കും സ്ഥലവാസികൾക്കും മറ്റും മുന്നറിയിപ്പ് നൽകും. ഇതിലൂടെ തക്കസമയത്ത് ഇടപെടാനും മുൻകരുതലെടുക്കാനുമാകും.

ഇതോടൊപ്പം വിവിധ മൃഗങ്ങളെ നേരിടാൻ തനതായ രീതിയുണ്ടാക്കാനുമാണ് (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-എസ്.ഒ.പി) ഒരുങ്ങുന്നത്. ആനയെ നേരിടുന്ന രീതി കടുവയ്ക്ക് യോജിക്കില്ല. മൃഗങ്ങളുടെ സ്വഭാവ, പെരുമാറ്റ രീതികൾ പഠിച്ചാണിത് തയ്യാറാക്കുക. ഇക്കാര്യത്തിൽ പൊതുജനങ്ങളെയും ബോധവത്കരിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ തലങ്ങളിലെ വിദഗ്ദ്ധരടങ്ങുന്ന സമിതി യോഗം ചർച്ച ചെയ്തു. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്‌നപരിഹാരം നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശിൽപശാലകളും നടത്തി ദീർഘകാല, ഹ്രസ്വകാല പദ്ധതികൾ ആവിഷ്‌കരിക്കും. ദുരന്തനിരവാരണ അതോറിറ്റിയുടെയും ജനങ്ങളുടെയും സഹകരണം തേടും.

LEAVE A REPLY

Please enter your comment!
Please enter your name here