തണ്ണീർമുക്കം: ബണ്ടിന്റെ ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള ജനങ്ങൾ ജാഗ്രത പാലിക്കണം.ഷട്ടർ തുറക്കുന്നതുസംബന്ധിച്ച് മാർച്ച് 26, ഏപ്രിൽ 5 തീയതികളിൽ ഉദ്യോഗസ്ഥതല മീറ്റിംഗ് കളക്ടറേറ്റിൽ കൂടിയിരുന്നു. ഈ വർഷവും ആലപ്പുഴ, കോട്ടയം പരിധിയിലുളള പാടശേഖരങ്ങളിൽ കൊയ്ത്തു പൂർത്തിയായിട്ടില്ലായെന്ന് അന്ന് ബന്ധപ്പെട്ട പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ രണ്ടാം വാരത്തോടു കൂടി കുട്ടനാട്ടിലെ കൊയ്ത്തിന്റെ 85 ശതമാനം പൂർത്തിയാകും. പിന്നീട് തണ്ണീർമുക്കം ബണ്ട് തുറന്നാലും അവശേഷിക്കുന്ന നെൽകൃഷിയിൽ ഉപ്പുവെള്ളം മൂലം വിളനാശം സംഭവിക്കുന്ന ഘട്ടം തരണം ചെയ്യുമെന്നും അതിനാൽ ഏപ്രിൽ രണ്ടാംവാരം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതുകൊണ്ട് കുട്ടനാട്ടിലെ കൃഷിക്ക് ദോഷം ഉണ്ടാകുകയില്ലായെന്നും ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. മത്സ്യതൊഴിലാളികൾക്ക് ഈ കാലയളവിൽ മത്സ്യപ്രജനനത്തിനായി ബണ്ട് തുറക്കേണ്ടത് അനിവാര്യമാണെന്നും കായലിലെ പോള നിർമാർജ്ജനം ചെയ്യുന്നതിന് ഇത് ആവശ്യമാണെന്നും റിപ്പോർട്ട് ലഭിച്ചിരുന്നു. കോട്ടയം ജില്ലയിലെ 50 ശതമാനം വിസ്തൃതിയിലും ഇനിയും കൊയ്ത്ത് തീരാനുണ്ടെന്നും ഇതിൽ 80 ശതമാനം കൃഷിയും ഏപ്രിൽ 30-നു മുൻപ് കൊയ്ത്ത് നടക്കും എന്നും ബാക്കി 20 ശതമാനം ഭാഗങ്ങളിൽ വലിയതോതിൽ ഉപ്പുവെള്ളത്തിന്റെ രൂക്ഷത ഉണ്ടാകാനിടയില്ലായെന്നും അതിനാൽ ഏപ്രിൽ 10-ന് ശേഷം തണ്ണീർമുക്കം ബണ്ട് തുറന്നാൽ കോട്ടയം ജില്ലയിലെ നെൽകൃഷി വിളനാശം ഉണ്ടാകുന്ന സാഹചര്യം ഇല്ലായെന്നും കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസറും റിപ്പോർട്ട് ചെയ്തിരുന്നു.ബണ്ട് തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം സജ്ജമാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇറിഗേഷൻ (മെക്കാനിക്കൽ) ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ കൂടിയ യോഗത്തിൽ അറിയിച്ചിരുന്നു. വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ ഷട്ടർ റെഗുലേറ്റ് ചെയ്യണമെന്ന് കർഷക സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഷട്ടർ തുറക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി. ഷട്ടർ തുറക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here