കുമളി :ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകള്‍ കേരളത്തെ ക്ഷീരകര്‍ഷക സൗഹൃദസംസ്ഥാനമായി രൂപാന്തരപ്പെടുത്താന്‍ സഹായിച്ചുവെന്ന് ക്ഷീരവികസന, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം-പടവ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.തൊഴിലവസരങ്ങളിലൂടെ നമ്മുടെ നാട്ടില്‍ മികച്ച ഉപജീവന അന്തരീക്ഷം സൃഷ്ടിക്കുന്ന മേഖലയായി പശുവളര്‍ത്തല്‍ രംഗം മാറുകയാണ്. കേരളത്തിലെ കാലിസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കൃത്രിമ ബീജാദാനത്തിന് ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതികവിദ്യ എല്ലാ ജില്ലകളിലും നടപ്പിലാക്കും. നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ഏതുസമയത്തും വീട്ടുമുറ്റത്ത് സഹായമെത്തിക്കുന്ന സംവിധാനമാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇതിനായി മൂന്ന് യൂണിറ്റുകള്‍ ഇടുക്കി ജില്ലയില്‍ നല്‍കിയിട്ടുണ്ട്. പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് 17 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇതിനു പുറമെ പശുക്കളുടെ ആരോഗ്യ, ജനിതക പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന ഹെല്‍ത്ത് ടാഗുകള്‍ നല്‍കുന്നത് വഴി പശുപരിപാലനം കാര്യക്ഷമമാക്കാന്‍ കഴിയും. ഇതിനായി ഹെല്‍ത്ത് ടാഗ് വിതരണം വ്യാപകമാക്കാന്‍ പദ്ധതി ആവിഷ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here