മാനന്തവാടി:  ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. ആന ബാവലി വനമേഖലയിൽ നിരീക്ഷണത്തിൽ ആണ്. ചൊവ്വാഴ്ച രാവിലെ തോല്‍പ്പെട്ടി റോഡിലെ ഇരുമ്പുപാലത്തുനിന്ന് ദൗത്യം തുടങ്ങിയപ്പോഴാണ് വനംവകുപ്പ് അക്കാര്യം ശ്രദ്ധിച്ചത്. ബേലൂര്‍ മഖ്നയ്‌ക്കൊപ്പം മറ്റൊരു മോഴകൂടെ. രണ്ടിനെയും കാണാന്‍ ഒരുപോലെയുണ്ട്. കഴുത്തില്‍ റേഡിയോകോളറില്ലെങ്കില്‍ ആരാണ് ചാലിഗദ്ദയില്‍ കര്‍ഷകനെ കൊന്ന ബേലൂര്‍ മഖ്നയെന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതുകൊണ്ട് മയക്കുവെടിവെച്ച് പിടികൂടാന്‍ കാടുകയറിയ ദൗത്യസംഘത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ് മോഴകളുടെ ഈ സൗഹൃദം.കഴിഞ്ഞദിവസങ്ങളിലൊക്കെ കാട്ടില്‍ മറ്റു ആനകളെ കണ്ടിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെയാണ് മറ്റൊരു മോഴ ശ്രദ്ധയില്‍പ്പെടുന്നത്. ഇത് തോല്‍പ്പെട്ടി മേഖലയിലെ കാടുകളില്‍ സ്ഥിരമായി കാണുന്നതാണെന്നാണ് സംഘത്തിലുണ്ടായിരുന്ന നാട്ടുകാരായ വനംവാച്ചര്‍മാര്‍ പറയുന്നത്ഇരുമ്പുപാലത്തുനിന്ന് തിങ്കളാഴ്ച രാത്രിയിലാവും ഒപ്പംകൂടിയതെന്ന് കരുതുന്നു. ബേലൂര്‍ മഖ്ന പിറകിലും മറ്റേത് മുന്നിലുമായാണ് സഞ്ചാരം. പൊതുവെ കാഴ്ചമറയ്ക്കുന്നരീതിയില്‍ തിങ്ങിനിറഞ്ഞ കുറ്റിക്കാടായതിനാല്‍ മൂന്നുദിവസമായി ആനയെ മയക്കുവെടിവെക്കാന്‍ കഴിയുന്നില്ല. രണ്ടും ഒരുമിച്ചായതോടെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്ഒപ്പംചേര്‍ന്ന മോഴയാണ് മുന്നില്‍നയിക്കുന്നത്. അതിന് പരിചിതമായ കാടാണിത്. മുഴുവന്‍ സമയവുമെന്നപോലെ ഇത് കൂടെത്തന്നെയുണ്ട്. മൂന്നാമത്തെദിവസത്തെ ദൗത്യത്തിനിടെ 20 മീറ്റര്‍ അകലെനിന്നുവരെ കാട്ടാനയെ നേരില്‍കണ്ടെങ്കിലും കുറ്റിക്കാടിനുള്ളിലായതിനാല്‍ വെടിവെക്കാന്‍ കഴിഞ്ഞില്ല. അതിനിടെ രണ്ടുതവണ ദൗത്യസംഘം കടുവയുടെ മുന്നില്‍പ്പെട്ടു. ഒരുതവണ പുലിയും ചാടിവീണു. അപകടകരമായ സാഹചര്യങ്ങളുള്ള കാട്ടിലൂടെയാണ് ദൗത്യം നടത്തുന്നതെന്നും കാഴ്ചമറയ്ക്കുന്നരീതിയിലുള്ള ഇടതൂര്‍ന്ന കാടും ബേലൂര്‍ മഖ്ന അതിവേഗം സഞ്ചരിക്കുന്നതുമെല്ലാം മയക്കുവെടിവെക്കുന്നതിന് തടസ്സമായി മാറുകയാണെന്ന് വനംവകുപ്പ് പറയുന്നു. അതേസമയം മൂന്നുദിവസം കഴിഞ്ഞിട്ടും കാട്ടാനയെ പിടിക്കാന്‍ കഴിയാത്തതിനെതിരേ പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here