ഇടുക്കി : വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ പുതിയതായി 144 കുഞ്ഞുങ്ങള്‍ ജനിച്ചു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ കണക്കെടുപ്പിലാണ് ഔദ്യോഗിക വിവരം പുറത്തുവന്നത്. കുഞ്ഞുങ്ങളടക്കം ആകെ 827 വരയാടുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.ഏപ്രില്‍ 29 മുതല്‍ മെയ് രണ്ടുവരെ ഇരവികുളം, പാമ്പാടുംചോല, തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ചിന്നാര്‍ വന്യജീവി സങ്കേതങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. ഇതുമായി തമിഴ്‌നാട് വനംവകുപ്പും സഹകരിച്ചിരുന്നു. എന്നാല്‍ ചിന്നാര്‍ മേഖലയില്‍ പുതിയതായി ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് ലഭ്യമായിട്ടില്ല. രാജമലയില്‍ കഴിഞ്ഞവര്‍ഷം 128 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 803 വരയാടുകളാണ് ഉണ്ടായിരുന്നത്. 33 ബ്ലോക്കുകളായി തിരിഞ്ഞ് 99 ഉദ്യോഗസ്ഥരാണ് കണക്കെടുപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here