എടക്കര(മലപ്പുറം): സൈബര്‍ കാര്‍ഡ് എന്ന ആപ് വഴി ചെറിയ തുകകള്‍ വായ്പ നല്കുകയും മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടപാടുകാരായ സ്ത്രീകളില്‍നിന്ന് കൂടുതല്‍ പണം തട്ടിയെടുക്കുകയും ചെയ്യുന്ന വടകര സ്വദേശികളായ മൂന്ന് യുവാക്കളെ എടക്കര പോലീസ് പിടികൂടി. വടകര മുട്ടുങ്ങല്‍ കോമള്ളിക്കുന്ന് തെക്കേമനയില്‍ അശ്വന്ത്ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്ണന്‍ (21) എന്നിവരെയാണ് പിടികൂടിയത്.എടക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. സൈബര്‍ കാര്‍ഡ് എന്ന ആപ് വഴി ഡിസംബറില്‍ വീട്ടമ്മ 4,000 രൂപ വായ്പ എടുക്കുകയും നിശ്ചിത ദിവസത്തിനുള്ളില്‍ വായ്പയും പലിശയും തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ കൂടുതല്‍ തുക വായ്പ എടുത്തിട്ടുണ്ടെന്നും ഇത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെടുകയും അല്ലെങ്കില്‍ നഗ്‌ന ഫോട്ടോകള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും 4,300 രൂപ കൈക്കലാക്കി. ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്കിയത്.ഇന്‍സ്‌പെക്ടര്‍ എസ്. അനീഷ്, പോലീസുകാരായ അനൂപ്, സാബിറലി, ഉണ്ണിക്കൃഷ്ണന്‍, ബിന്ദു, പ്രീതി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here