*ഫെബ്രുവരി 15 മുതൽ 17 വരെ 18 വിഷയങ്ങളിലായി സമഗ്രമായ ചർച്ചകൾ
ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിന്റെ ലോഗോ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ആസൂത്രണ ബോർഡ് അംഗവും സെമിനാർ കമ്മിറ്റി കൺവീനറുമായ പ്രൊഫ. ജിജു പി. അലക്‌സ്, ബോർഡ് അംഗങ്ങളായ ഡോ.രവിരാമൻ, ഡോ. പി.കെ. ജമീല, പ്രൊഫ. മിനി സുകുമാർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷ്, വിഷൻ 2031 ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി അരുൺ എസ് നായർ, ഐപിആർഡി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 15ന്
മുഖ്യമന്ത്രി പിണറായി വിജയൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി
കെ. രാജൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ നോബൽ സമ്മാന ജേതാവ് അമർത്യസെൻ, റോമിലാ ഥാപ്പർ, ലോകഭക്ഷ്യ പുരസ്‌ക്കാര ജേതാവ് ശകുന്തള തിൽസ്തദ് തുടങ്ങിയവർ സംസാരിക്കും.
16നും 17നും ഒൻപത് വേദികളിലായി വിവിധ വിഷയങ്ങളിൽ ടെക്നിക്കൽ സെഷനുകൾ നടക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 14 ജില്ലകളിലായി 34 സെമിനാറുകൾ കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. അതിൽ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ചാണ് 18 വിവിധ
വിഷയങ്ങളിലായി ചർച്ചകൾ സംഘടിപ്പിക്കുന്നത്. കോൺഫറൻസിൽ വിവിധ മേഖലകളിൽ
നിന്നുള്ള ദേശീയ – അന്തർദേശീയ വിദഗ്ധർ സംസ്ഥാനം നടപ്പാക്കിയ വികസന
പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അവതരിപ്പിക്കുകയും മുന്നോട്ടുള്ള
വികസനപാതയെക്കുറിച്ച് അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്യും.
സമാപന സമ്മേളനത്തിൽ ‘മതേതരത്വം, ജനാധിപത്യം സംവേദനാത്മക സർക്കാർ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ഫറൂഖ് അബ്ദുള്ള, പ്രകാശ് കാരാട്ട്, കനിമൊഴി, ജസ്റ്റിസ് ഷാ തുടങ്ങിയവർ പങ്കെടുക്കും.
2031ൽ കേരള സംസ്ഥാനം സ്ഥാപിതമായിട്ട് 75 വർഷം പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല
പുരോഗതി വിലയിരുത്തിക്കൊണ്ട് ഭാവിക്കുവേണ്ടിയുള്ള വികസന ലക്ഷ്യങ്ങൾ
ആസൂത്രണം ചെയ്യുകയാണ് അന്താരാഷ്ട്ര കോൺഫറൻസിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
