കാസർഗോഡ് സ്വദേശിയായ ഡോക്ടറുടെ കയ്യിൽ നിന്നും 2കോടി 23ലക്ഷംരൂപ ഹോം ബേസ്ഡ് പാർട്ട് ടൈം ജോലി വാഗ്ദാനത്തിലൂടെ തട്ടിയെടുത്ത സംഘത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ച പയ്യന്നൂർ സ്വദേശി മുഹമ്മദ് നൗഷാദ് എ.ടിയെ കാസർഗോഡ് സൈബർ പോലീസിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസ് അറസ്റ്റ് ചെയ്തു.2024 മെയ്-ജൂൺ മാസങ്ങളിലാണ് തട്ടിപ്പ് നടക്കുന്നത്. ടെലഗ്രാമിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ട് ഹോം ബേസ്ഡ് പാർടൈം ജോലി വാഗ്ദാനം ചെയ്തു വിവിധ അക്കൗണ്ടുകളിലൂടെ പലതവണകളിലായി പണം കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. പണം അയച്ചുനൽകിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് ഉടമയിൽ നിന്നാണ് പ്രതി നൗഷാദിലേക്ക് എത്തുന്നത്. സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ പലരിൽ നിന്നും വാടകയ്ക്ക് എടുത്തുനൽകുന്ന ഇടനിലക്കാരനാണ് പ്രതി. ഇയാളുടെ പേരിൽ എറണാകുളത്ത് ഇൻഫോപാർക്ക്, കണ്ണൂരിൽ പയ്യന്നൂർ, പെരിങ്ങോം, കാസർഗോഡ് കുമ്പള എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. അയൽ സംസ്ഥാനങ്ങളിലും ഇയാളുടെ പേരിൽ കേസുകളുണ്ട്. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘവുമായി ബന്ധമുള്ള ഇയാൾക്ക് വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാസർകോട് സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാളെ ഫെബ്രുവരി 11ന് അറസ്റ്റ് ചെയ്തു. കാസർകോട് ജില്ലാ പോലീസ് മേധാവി ശില്പ ഡി യുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉത്തം ദാസിന്റെ മേൽനോട്ടത്തിൽ കാസർഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീദാസ് എം.വി, എ.എസ്.ഐമാരായ പ്രശാന്ത് കെ., രഞ്ജിത്ത് കുമാർ പി. കെ., എസ്.സി.പി.ഒമാരായ നാരായണൻ എം, ദിലീഷ് എം എന്നിവരുടെ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
