പാലക്കാട്: പച്ചക്കറി ഉത്പാദന മേഖലയിലേക്ക് കൂടുതൽ കുടുംബങ്ങളെ എത്തിക്കാൻ ഉയർന്നവിളവ് നൽകുന്ന ഹൈബ്രിഡ് പച്ചക്കറിവിത്ത് കിറ്റുകളൊരുക്കാൻ കൃഷിവകുപ്പ്. കൃഷിഫാമുകൾ, സ്വകാര്യ കാർഷികഫാമുകൾ എന്നിവയുടെ സഹകരണത്തോടെ ഒരു ലക്ഷം വിത്തുകിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതിനാണ് തീരുമാനം. ഉന്നത സാങ്കേതികനിലവാരം ഉറപ്പുവരുത്തിയാവും വിത്തുകിറ്റുകൾ തയ്യാറാക്കുക.

വിത്ത് കിറ്റുകൾ സൗജന്യമായാവും പച്ചക്കറി കർഷകർക്ക് വിതരണംചെയ്യുക. കിറ്റുകൾ ഒരുക്കുന്നതിനായി ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ 1,076 കൃഷിഭവനുകൾവഴി ചെറുകിട-ഇടത്തരം പച്ചക്കറി കർഷകർ, വീട്ടുവളപ്പിലും മട്ടുപ്പാവിലും സ്ഥിരമായി കൃഷിയിറക്കുന്നവർ എന്നിവരെ കണ്ടെത്തിയാണ് വിത്ത് കിറ്റുകൾ നൽകുക. ഇവർക്കാവശ്യമായ സാങ്കേതിക പിന്തുണയും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നൽകും.

പോഷകസമൃദ്ധി ദൗത്യത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന കിറ്റുകൾക്ക് 100രൂപയാണ് ഉത്പാദനച്ചെലവ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് മികച്ചവിളവ് തരുന്ന വെണ്ട, വഴുതിന, പയർ, തക്കാളി, ഉണ്ട പച്ചമുളക്, കാന്താരി മുളക്, കോളിഫ്ലവർ, കാബേജ്, കയ്പക്ക, കുക്കുമ്പർ, മത്തങ്ങ, റാഡിഷ് തുടങ്ങിയവയുടെ ഹൈബ്രിഡ് വിത്തുകളാണ് തയ്യാറാക്കുക.

കേരള കാർഷികസർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസേർച്ച് (ഐ.ഐ. എച്ച്.ആർ.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസേർച്ച് (ഐ.ഐ.വി.ആർ.) എന്നിവയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹൈബ്രിഡ് വിത്തുകൾ തയ്യാറാക്കുക. നാഷണൽ സീഡ് കോർപറേഷൻ (എൻ.എസ്.സി.), വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ.) എന്നിവയുടെ സാങ്കേതികസഹകരണവും തേടുമെന്ന് കൃഷിവകുപ്പ് ഉന്നത് ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here