പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണസന്ദേശം ഉയർത്തി സംഘടിപ്പിച്ച ഗ്രീൻ പനോരമ ചല ച്ചിത്രമേള പത്തനംതിട്ടയ്ക്കു നവ്യാനുഭവമായി. പത്തനംതിട്ട നഗരസഭയും പത്തനംതിട്ട ലൂമിയർ ഫിലിം സൊസൈറ്റിയും റാന്നി വനം ഡിവിഷന്റെ സഹകരണത്തിലാണ് രണ്ടുദിവസത്തെ മേള സംഘടിപ്പിച്ചത്.നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മറ്റുള്ളവരിലേക്ക് ആശയം സന്നിവേശിപ്പിക്കാൻ ഏറ്റവും ശക്തമായ മാധ്യമം എന്ന നിലയിൽ പരിസ്ഥിതി ചലച്ചിത്രമേള സംഘടിപ്പിച്ച ഫിലിം സൊസൈറ്റി നഗരത്തിന്റെ സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ ചുവടുവയ്പാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ജില്ലാ ആസൂത്രണസമിതി അംഗം പി. കെ. അനീഷ്, വാർഡ് കൗൺസിലർ സിന്ധു അനിൽ, ചലച്ചിത്ര പ്രവർത്തകൻ എ. മീരാസാഹിബ്, ന്യൂ വേവ് ഫിലിം സൊസൈറ്റി സെക്രട്ടറി മാത്യൂസ് ഓരത്തേൽ, ഫിലിം സൊസൈറ്റി ഭാരവാഹികളായ എം.എസ്. സുരേഷ്, ഉണ്ണികൃഷ്ണൻ പൂഴിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ സംവാദത്തിന് നേതൃത്വം നൽകി. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികളും സിനിമാപ്രേമികളും മേളയുടെ ഭാഗമായി.ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. ഗൂഡ്രിക്കൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ.എസ്. അശോകൻ മുഖ്യാതിഥിയായിരുന്നു.