ചെങ്ങന്നൂർ : വിപണിയിൽ തേങ്ങവില കുത്തനെ ഇടിഞ്ഞതോടെ കേരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. മാസങ്ങൾക്ക് മുമ്പ് 38രൂപ വരെ വിലയുണ്ടായിരുന്ന പച്ചത്തേങ്ങയുടെ വില 28ലേക്കാണ് ഇടിഞ്ഞത്. 26 -27 രൂപയാണ് ചില്ലറ വില്പന വില. ഉത്പാദനച്ചെലവും പണിക്കൂലിയും കഴിഞ്ഞാൽ കർഷകന് ചകിരിത്തൊണ്ടു മാത്രം ലാഭം കിട്ടുന്ന അവസ്ഥയാണ്. സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിരുന്നെങ്കിലും എവിടെയും ഈ വില ലഭിക്കുന്നില്ലെന്നും പച്ചത്തേങ്ങ സംഭരണ സംവിധാനം നടക്കുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉത്പാദനത്തിലും ഗണ്യമായ കുറവാണ്. 

ശരാശരി അഞ്ചു മുതൽ 10തേങ്ങവരെ മാത്രമാണ് ഒരു തെങ്ങിൽനിന്നും ലഭിക്കുന്നത്. മൂന്നു മുതൽ നാലരക്കിലോ വരെയാണ് തൂക്കം. ശരാശരി നാല് കണക്കുകൂട്ടിയാൽ 92 രൂപയാണ് ലഭിക്കുക. ഇതിൽ 60 രൂപ തെങ്ങുകയറ്റക്കൂലിയായും പത്തു രൂപ പൊതിക്കൽ കൂലിയായും നൽകണം. കൂടാതെ ചുമട്ടുകൂലി,വണ്ടിക്കൂലി കയറ്റിറക്ക് കൂലി എന്നിവയെല്ലാം കണക്കാക്കിയാൽ 100രൂപ വരെ ചെലവ് വരും. കർഷകന്റെ അധ്വാനം കണക്കാക്കാതെ വന്നാൽ തന്നെ പത്തു രൂപയുടെ നഷ്ടം ഉണ്ടാകും. തേങ്ങവില കുറയുമ്പോഴും വെളിച്ചെണ്ണ വിപണിയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ലിറ്ററിന് 150 – 170 രൂപ വരെയാണ് വില. ചില കമ്പനികൾ 190രൂപ വരെ ഈടാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here