തിരുവനന്തപുരം :ആധാർ -യൂ ഐ ഡി വെബ്സൈറ്റിൽ വന്ന സാങ്കേതിക തകരാറിൽ വലഞ്ഞു പെൻഷൻ മസ്റ്ററിങ് .സംസ്ഥാനത്തെ അക്ഷയ സെന്ററുകൾ വഴി ജൂൺ 25 ന് ആരംഭിച്ച മസ്റ്ററിങ് ആറ് ദിവസം കൊണ്ട് 19 .28 % ഏകദേശം പന്ത്രണ്ട്  ലക്ഷത്തി ഏഴായിരത്തിൽ പരം പെൻഷൻകാരുടെ മസ്റ്ററിങ് വിജയകരമായി പൂർത്തിയായിരിക്കെ ആണ് ജൂലൈ ഒന്നിന് രാവിലെ മുതൽ മസ്റ്ററിങ്ങിൽ  തടസം നേരിട്ടത്  .സംസ്ഥാനത്തെ എല്ലാ അക്ഷയ സെന്ററുകളിലും രാവിലെ തന്നെ നൂറുകണക്കിന് പെൻഷൻകാർ മസ്റ്ററിങ്ങിനായി മഴയെ അവഗണിച്ചും എത്തിയിരുന്നു .പ്രായമേറിയവരും ,പലവിധ രോഗങ്ങളാൽ വലയുന്നവരും ആയ പെൻഷൻകാരെ സമാധാനിപ്പിക്കുവാൻ അക്ഷയ സംരംഭകർ നന്നേ പാടുപെടുന്ന കാഴ്ച്ച സംസ്ഥാനത്തങ്ങോളമുണ്ടായി .കടുംകാപ്പി പോലും കുടിക്കാതെ വന്ന പെൻഷൻകാർക്ക് പല സംരംഭകരും ചൂടുവെള്ളവും കാപ്പിയുമൊക്കെ നൽകുന്നത് കാണാനായി .ഓട്ടോറിക്ഷയിൽ മസ്റ്ററിങ്ങിനായി  സെന്ററിലെത്തുന്ന വയ്യാത്ത പെന്ഷന്കാരെ മസ്റ്ററിങ്ങിലെ തടസം ബോധ്യപ്പെടുത്തി   വാഹനത്തിൽനിന്നിറക്കാതെ മടക്കിയയക്കാൻ സംരംഭകർ സ്റ്റാഫുകളെ നിയോഗിക്കുന്നുണ്ടായിരുന്നു .അക്ഷയ സെന്റർ ജീവനക്കാരുടെ മാന്യമായ പെരുമാറ്റം വൃദ്ധജനങ്ങൾക്കും അംഗപരിമിതിയുള്ളവർക്കും ഏറെ ആശ്വാസകരമായിരുന്നു.ആധാർ അതോറിറ്റി വെബ്‌സൈറ്റിൽ  ജൂലൈ ഒന്നുമുതൽ ചില മാറ്റങ്ങൾ വരുമെന്നറിയിച്ചിരുന്നെങ്കിലും അത് പെൻഷൻ മസ്റ്ററിങ്ങിനെ ബാധിക്കുകയില്ലന്നായിരുന്നു ഔദ്യോഗിക അറിയിപ്പ് .എന്നാൽ ജൂലൈ ഒന്നിന് രാവിലെ മുതൽ മസ്റ്ററിങ്ങിൽ തടസം നേരിടുകയായിരുന്നു .ആധാർ സെർവറിൽ നിന്നുള്ള ഓതന്റിക്കേഷൻ കിട്ടാത്തത് മൂലമാണ് മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാതെ വന്നത് .ഉച്ച കഴിഞ്ഞു മൂന്നരയോടെ വെബ് സൈറ്റ്  ഭാഗികമായി   ശരിയായെങ്കിലും മസ്റ്ററിങ്ങിനായി എത്തിയ ബഹുഭൂരിപക്ഷം പേരും വീടണഞ്ഞിരുന്നു .ഇവർ ഇനി അടുത്തദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് പൂർത്തിയാക്കണം .ആധാർ വെബ്സൈറ്റും മസ്റ്ററിങ് സൈറ്റും പൂർണതോതിൽ പ്രവർത്തന സജ്ജമായെങ്കിൽ മാത്രമേ പെൻഷൻ മസ്റ്ററിങ് പെൻഷൻകാരെ ബുദ്ധിമുട്ടിലാക്കാതെ അക്ഷയ സംരംഭകർക്ക് ചെയ്യാനാകൂ .ആഗസ്റ്റ് 24 വരെ പെൻഷൻ മസ്റ്ററിങ്ങിന് സർക്കാർ സമയം അനുവദിച്ചിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here