കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്‌നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) പരിഹരിക്കാൻ ‘നിപ്മറി’ൽ പ്രത്യേക ക്ലിനിക് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ശ്രദ്ധക്കുറവ്, അടങ്ങിയിരിക്കാൻ പറ്റാത്ത പ്രകൃതം, അതിരുകടന്ന ആവേശത്തോടെ ചെയ്യുന്ന പ്രവൃത്തികൾ ഇതൊക്കെ പ്രധാന ലക്ഷണങ്ങളായ പെരുമാറ്റ പ്രശ്നമാണ് ക്ലിനിക്കിൽ പരിഹരിക്കുക.നാഡീവികാസത്തെ  ബാധിക്കുന്ന അപാകതകളാണ് എ.ഡി.എച്ച്.ഡിയ്ക്ക് വഴിവെക്കുന്നത്. ഈ പെരുമാറ്റപ്രശ്‌നമുള്ള കുട്ടികൾക്ക് തുടർജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത വെല്ലുവിളികൾ നേരിടേണ്ടിവരാറുണ്ട്. തീരെ ചെറുപ്രായത്തിൽ പല കുട്ടികളിലും കണ്ടുവരുമെങ്കിലും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കാൻ കഴിയാത്തത് ദോഷകരമായി ബാധിക്കും. ഇതിനു പരിഹാരമായാണ് നിപ്മറിൽ പുതിയ സംരംഭമായി എ.ഡി.എച്ച്.ഡി ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ള സൈക്കോളജിസ്റ്റുകളാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്.തുടക്കത്തിൽ അഞ്ചു വയസ്സു മുതൽ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കാണ് ചികിത്സാ സംവിധാനം. അഞ്ചുകുട്ടികൾ വീതം ഉള്ള ബാച്ചിന് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലിനിക്കിൽ  ഒന്നര മണിക്കൂർ തെറാപ്പി സെഷൻ ഉണ്ടാവും. പന്ത്രണ്ട് സെഷനുകൾക്കു ശേഷം കുട്ടികളിലുണ്ടാവുന്ന മാറ്റം കണ്ടെത്താൻ ഫോളോ അപ്പ് സെഷനുകളും നൽകും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.എ.ഡി.എച്ച്.ഡി ക്ലിനിക്കിലേക്കുള്ള രജിസ്‌ട്രേഷന് 9288008983 നമ്പറിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here