എരുമേലി : ജന്മനാ പോളിയോ ബാധിച്ച് കാലുകൾ തളർന്ന് ശോഷിച്ച കണ്ണന് ഇനി കൊരണ്ടി പലകയിൽ ഇരുന്ന് നിലത്ത് കൈ വെച്ച് തള്ളി ഇഴഞ്ഞ് സഞ്ചരിക്കേണ്ട. സഞ്ചരിക്കാൻ ഇനി ഇലക്ട്രിക് വീൽ ചെയറിൽ ഇരുന്നാൽ മാത്രം മതി. കണ്ണന്റെ ജീവിതത്തിലെ വലിയ മോഹമായിരുന്ന ഇലക്ട്രിക് വീൽ ചെയർ ഇന്നലെ സൗജന്യമായി ലഭിക്കുകയായിരുന്നു. അതിന് വഴിയൊരുക്കിയത് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും മുത്തൂറ്റ് ജോർജ് ഫൗണ്ടേഷൻ ഗ്രൂപ്പും യൂത്ത് ഫ്രണ്ട് എമ്മും. ഇവർക്കെല്ലാം ഇന്നലെ കൈകൾ കൂപ്പി നന്ദി പറഞ്ഞു കണ്ണൻ. റാന്നി അടിച്ചിപ്പുഴ സ്വദേശിയും ആദിവാസി മലഅരയ യുവാവുമായ കണ്ണൻ വർഷങ്ങളായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് താമസം. ലോട്ടറി വില്പനയാണ് ഉപജീവന മാർഗം. വർഷങ്ങളായി ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച കൊരണ്ടിപ്പലകയിൽ ഇരുന്നാണ് കണ്ണന്റെ സഞ്ചാരം. ആ കുഞ്ഞ് വാഹനമുരുളണമെങ്കിൽ കണ്ണന്റെ കൈകൾ രണ്ടും റോഡിൽ വെച്ച് ഇഴയണം. കഴിഞ്ഞയിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കണ്ണന് ചികിത്സാ സഹായം ലഭിച്ചിരുന്നു. മനോഹരമായ കരകൗശല ശിൽപങ്ങൾ കണ്ണൻ നിർമിക്കും. ശബരിമല സീസണിൽ അയ്യപ്പഭക്തർക്ക് ടോർച്ചുകൾ വിറ്റുകിട്ടുന്ന വരുമാനത്തിൽ നിന്നും ഭക്തർക്ക് പേട്ടതുളളൽ ദിനത്തിൽ കണ്ണൻ നാരങ്ങാവെളളം വിതരണം ചെയ്യും. നബിദിനത്തിൽ മധുരം വിതരണം ചെയ്യും. അസംപ്ഷൻ ഫൊറോന പളളിയിലെ തിരുനാൾ റാസ കടന്നുപോകുമ്പോൾ കൊരണ്ടിപ്പലകയിൽ പ്രാർത്ഥനയോടെ മെഴുക് തിരികൾ കൊളുത്തിയിരിക്കുന്ന കണ്ണനെ കാണാം. എല്ലാ മതങ്ങളെയും സ്നേഹിക്കുന്ന കണ്ണന്റെ ഏറ്റവും വലിയ മോഹമായ നടക്കാനുളള സ്വപ്നത്തിനാണ് ആഗ്രഹിച്ചതിനേക്കാൾ വലിയ ഭാഗ്യം പോലെ വേഗത്തിൽ സഞ്ചരിക്കാവുന്ന ഇലക്ട്രിക് വീൽ ചെയർ ലഭിച്ചത്. 65000 രൂപ വിലയുള്ള ഇലക്ട്രിക് വീൽ ചെയറിന് അര ലക്ഷം രൂപ മുത്തൂറ്റ് ഗ്രൂപ്പ് നൽകി. ബാക്കി തുക സുമനസുകൾ ചേർന്ന് നൽകി. യൂത്ത് ഫ്രണ്ട് എം എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച തണൽ ചാരിറ്റി പദ്ധതി ഇന്നലെ ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായാണ് ഇലക്ട്രിക് വീൽ ചെയർ കണ്ണന് കൈമാറിയത്.യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് അരുൺകുമാർ തുമരംപാറ അധ്യക്ഷത വഹിച്ചു . തണൽ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. കിൻഫ്ര ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, ബിനോ ജോൺ ചാലക്കുഴി, സഖറിയ ഡോമനിക്, തോമസ് കുര്യാക്കോസ്, അബേഷ് അലോഷ്യസ്, ജോബി നെല്ലോലപോയ്കയിൽ, തങ്കച്ചൻ കാരക്കാട്ട്, സുശീൽ കുമാർ, ടോം ആയില്ലൂർ, അജ്മൽ മലയിൽ എന്നിവർ പങ്കെടുത്തു.ചിത്രം.കണ്ണന് ഇലക്ട്രോണിക് വീൽചെയർ  എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ കൈമാറുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here