പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്തേക്ക് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ അടുത്ത തലമുറയില്‍നിന്ന് ഒരാള്‍കൂടിയെത്തുന്നു. തന്ത്രിസ്ഥാനമുള്ള കണ്ഠര് രാജീവര് പൂര്‍ണമായി സ്ഥാനമൊഴിയുന്നതിനെത്തുടര്‍ന്ന് മകന്‍ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

നിലവില്‍ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ടു കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. അടുത്ത ഊഴം കണ്ഠര് രാജീവരുടേതാണ്.

ചിങ്ങം ഒന്നിന് നടതുറക്കുമ്പോഴാണ് എല്ലാ വര്‍ഷവും തന്ത്രിമാറ്റം ഉണ്ടാകാറ്. ഇക്കൊല്ലം ചിങ്ങമാസപൂജകള്‍ക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും.അന്ന് വൈകീട്ട് മേല്‍ശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. പൂര്‍ണചുമതലയില്‍നിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളില്‍ രാജീവരുടെ പങ്കാളിത്തമുണ്ടാകും.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റില്‍ ലീഗല്‍ വിഭാഗത്തില്‍ ജോലിചെയ്തു. ഒരുവര്‍ഷംമുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു.കഴിഞ്ഞകൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായി.

LEAVE A REPLY

Please enter your comment!
Please enter your name here