കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഐ.ടി സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷൻസ്, സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് ഇല്ലാത്ത സേവനത്തിന് പ്രതിഫലം പറ്റിയെന്ന റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മുഖ്യമന്ത്രിയും വീണയുമടക്കം എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്. അന്വേഷണാവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നടപടി.സി.എം.ആർ.എൽ, കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ഇന്ത്യൻ റെയർ എർത്ത്സ്, എക്‌സാലോജിക് എന്നിവയ്ക്കും നോട്ടീസുണ്ട്. കേസ് വാദത്തിനെടുക്കുന്ന ജൂലായ് രണ്ടിനകം വിശദീകരണം നൽകണം. സി.എം.ആർ.എല്ലും എക്സാലോജിക്കുമായി 1.72 കോടിയുടെ അനധികൃത പണമിടപാട് നടന്നെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുഴൽനാടൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്നത്. ഇതുതള്ളിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും പുനപ്പരിശോധനയ്ക്കായി പരാതി വീണ്ടും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.സമാന ആവശ്യം ഉന്നയിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയിരുന്ന ഹർജി ജൂലായ് മൂന്നിന് പരിഗണിക്കാനും മാറ്റി. ഗിരീഷ് ബാബു മരിച്ചതിനാൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് കോടതി കേസ് തുടരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here