തൃശ്ശൂര്‍: കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. 6,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗര്‍ ഗ്രാമപ്പഞ്ചായത്തിലെ നിര്‍മാണങ്ങള്‍ നടത്തുന്ന കരാറുകാരനാണ് പരാതിക്കാരന്‍. കോണ്‍വെന്റ് റോഡിന്റെ അഴുക്കുചാല്‍ നിര്‍മാണത്തിന്റെ അവസാന ബില്‍ത്തുകയായ 3,21,911 രൂപയുടെ ബില്ല് മാറിനല്‍കുന്നതിലേക്ക് പഞ്ചായത്തില്‍നിന്ന് ആന്റണി എം. വട്ടോളിക്ക് കൈമാറിയിരുന്നു.

കരാറുകാരനെ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിളിച്ച് ബില്ല് മാറിനല്‍കണമെങ്കില്‍ രണ്ടുശതമാനം തുകയായ 6,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് മധ്യമേഖലാ പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ചൊവ്വാഴ്ച രണ്ടരയോടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി. കരാറുകാരനില്‍നിന്ന് ആന്റണി കൈക്കൂലി വാങ്ങുമ്പോള്‍ പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here