ആലപ്പുഴ: മാന്നാറിൽനിന്ന്​ 15 വർഷം മുമ്പ്​ കാണാതാ​യ ശ്രീ​കലയെ കൊലപ്പെടുത്തിയതാണെന്ന്​ തെളിഞ്ഞു. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂർ ജിനുഭവനം ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ്​ മാന്നാർ പൊലീസ്​ അറസ്റ്റ്​​ ചെയ്​തത്​.

ശ്രീകല എന്ന കലയെ ഭർത്താവ് അനിൽകുമാർ കൊലപ്പെടുത്തിയത് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിലാണെന്നാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാംപ്രതി. ഇയാൾ വിദേശത്താണ്. അനിലിന്‍റെ സുഹൃത്തുക്കളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

2009ലായിരുന്നു സംഭവം. പെരുമ്പുഴ പാലത്തിൽവെച്ച്​ അനിലും മറ്റ്​ പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. പ്രതികൾ എങ്ങനെയാണ് കലയെ കൊന്നതെന്നും എവിടെയാണ്​ കുഴിച്ചുമൂടിയതെന്നും​ അടക്കമുള്ള കാര്യങ്ങൾ എഫ്​.ഐ.ആറിൽ പറയുന്നില്ല.

കൊലപ്പെടുത്തി​ വീട്ടിലെ സെപ്​റ്റിക്​ ടാങ്കിൽ തള്ളിയതാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ പരിശോധന നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ സെപ്​റ്റിക്​ ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടമെന്ന്​ കരുതുന്ന ചില വസ്തുക്കൾ പൊലീസിന്​ ലഭിച്ചു. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിലേ ഇവ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here