മാന്നാർ : 15വർഷം മുമ്പു കാണാതായ യുവതിയെ ഭർത്താവുൾപ്പെട്ട സംഘം കൊലപ്പെടുത്തി​ സെപ്ടിക് ടാങ്കിൽ തള്ളി​യതാണെന്ന് തെളിഞ്ഞു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇസ്രയേലിലുള്ള ഭർത്താവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ- ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയാണ് (കാണാതാവുമ്പോൾ 20 വയസ്) കൊല്ലപ്പെട്ടത്. ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്.അനിലിന്റെ സഹോദരീഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലയുടെ സൂത്രധാരൻ അനിലാണെന്ന് ജി​ല്ലാ പൊലീസ് മേധാവി​ ചൈത്രാ തെരേസ ജോൺ പറഞ്ഞു. പ്രമോദിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് അനിലിന്റെ വീടിനോട് ചേർന്നുള്ള സെപ്ടിക് ടാങ്ക് ഇന്നലെ തുറന്ന് പരിശോധിച്ചു. മൂന്ന് ടാങ്കുകളിൽ ഒന്നി​ൽ നിന്ന് എല്ലിന്റെ അവശിഷ്ടവും തലയിൽ കുത്തുന്ന ക്ലിപ്പും ലഭിച്ചു. മൃതദേഹം മറവ് ചെയ്തപ്പോൾ രാസവസ്തുക്കൾ ഉപയോഗി​ച്ചതായി​ സംശയമുണ്ട്. കൊലപാതകം സ്ഥിരീകരിക്കാവുന്ന തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. 2009ലാണ് കൊല നടന്നത്. ടൂർ പോകാനെന്ന വ്യാജേന കലയെ കാറിൽ കയറ്റിക്കൊണ്ടുപോയി കുട്ടനാട് ഭാഗത്ത് എത്തിച്ചു. ബന്ധുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. ഇവർക്ക് പ്ളസ് വണ്ണിന് പഠിക്കുന്ന മകനുണ്ട്. അനിലിന്റെ രണ്ടാം ഭാര്യയോടൊപ്പമാണ് കുട്ടി കഴിയുന്നത്.അന്വേഷണത്തിന് പ്രത്യേക സഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അമ്പലപ്പുഴ സി.ഐ പ്രദീഷ് കുമാർ, എസ്.ഐ സന്തോഷ് എന്നവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി സെപ്ടിക് ടാങ്ക് പരിശോധനയ്ക്കെത്തിയത്.കലയെ കാണാതായതിനു പിന്നാലെ, സംശയം തോന്നാതിരിക്കാൻ അനിൽ ആദ്യം പൊലീസിൽ പരാതി നൽകി. കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ, കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ചു. അനിലിനെ വിശ്വസിച്ച കലയുടെ കുടുംബം കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോയെന്ന് വിശ്വസിച്ച് പിന്നീട് അന്വേഷണത്തിന് മുതിർന്നില്ല.രണ്ടുസമുദായത്തിൽപ്പെട്ട അനിലും കലയും പ്രണയി​ച്ചാണ് വിവാഹിതരായത്. മകന് ഒരു വയസുള്ളപ്പോഴാണ് കലയെ കാണാതായത്. പിന്നീട് അനിൽ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ശേഷം വിദേശത്തു പോയി. ഇവർ താമസിച്ചിരുന്ന വീട് എട്ട് വർഷം മുമ്പ് അനിൽ പുതുക്കിപ്പണിതപ്പോഴും മുന്നിലെ സെപ്ടിക് ടാങ്ക് നിലനിറുത്തി. വാസ്തുശാസ്ത്രപ്രകാരം പൊളിക്കാൻ പാടില്ലെന്നാണ് അനിൽ അയൽക്കാരോട് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here