മീനങ്ങാടി: കൊക്കോ കളക്ഷന്‍ സെന്ററിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി രണ്ടരലക്ഷത്തോളം വിലവരുന്ന കൊക്കോപ്പരിപ്പ് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേരെ മീനങ്ങാടി പോലീസ് പിടികൂടി. മോഷണമുതലിന്റെ വില്‍പ്പനയ്ക്ക് സഹായിച്ച കൊടുവള്ളി, വാവാട്, കതിരോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഹാഷിം (33), ഓമശ്ശേരി, രാരോത്ത്, പാലോട്ട് വീട്ടില്‍ മുഹമ്മദ് ഫജാസ് (25) എന്നിവരാണ് അറസ്റ്റിലായത്.

ജൂണ്‍ 23-ന് പുലര്‍ച്ചെ മീനങ്ങാടി ടൗണിലെ കാഡ്ബറി കൊക്കോ കളക്ഷന്‍ സെന്ററില്‍നിന്നാണ് കൊക്കോപ്പരിപ്പ് മോഷണംപോയത്. ആറു ചാക്കുകളിലായി സൂക്ഷിച്ച 2,22,000 രൂപ വിലയുള്ള 370 കിലോഗ്രാം പരിപ്പാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കൊക്കോ കളക്ഷന്‍ സെന്ററിന്റെ അടുത്തുള്ള വര്‍ക്ഷോപ്പില്‍ ജോലിചെയ്യുന്ന മുചുഭായും സഹായികളുമാണ് മോഷണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.മോഷണശേഷം ഒരുചാക്ക് ഹാഷിമിന്റെയും ഫജാസിന്റെയും സഹായത്തോടെ താമരശ്ശേരിയിലെത്തിച്ച് വില്‍പ്പന നടത്തി. മറ്റു അഞ്ച് ചാക്കുകള്‍ മലഞ്ചരക്കുവ്യാപാരികള്‍ക്ക് വില്‍ക്കാന്‍ ശ്രമക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

കടയുടമ മീനങ്ങാടി സ്വദേശി ജോണ്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എസ്.ഐ. ബി.വി. അബ്ദുള്‍ റഹ്‌മാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അഞ്ചു ചാക്കുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മുചുഭായും സഹായികളും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here