എറണാകുളം:എറണാകുളത്തെ സ്വപ്ന വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ഏഴു വര്‍ഷത്തിനുശേഷം പിടിയിലായി.2011 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ കൊലപാതകം നടക്കുന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജില്‍ വച്ച് സ്വപ്ന എന്ന ലൈംഗിക തൊഴിലാളിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കാര്യമായ തെളിവുകളോ ക്യാമറ ദൃശ്യങ്ങളോ ഒന്നും ഇല്ലാതിരുന്നിട്ടും പ്രതിയുടെ കണ്ണിന്‍റെ പ്രത്യേകത മാത്രം പ്രതിയെ കണ്ടവര്‍ പറഞ്ഞതില്‍ നിന്ന് അന്നത്തെ അന്വേഷണസംഘത്തിന്‍റെ മികവില്‍ പ്രതിയെ പിടികൂടി. തിരുവനന്തപുരം സ്വദേശിയായ പ്രതി ബിജു 2017ല്‍ ജാമ്യത്തില്‍ പുറത്തിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവും ഉണ്ടായിരുന്നില്ല.മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡും ഇല്ലാതിരുന്ന ബിജുവിനെ കണ്ടെത്താന്‍ പോലീസ് വളരെ ബുദ്ധിമുട്ടി. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ പ്രതാപചന്ദ്രന്‍ കെ.ജിയുടെ നേതൃത്വത്തില്‍ ലോങ്ങ് പെന്‍ഡിങ് കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്ക്വാഡിലെ എസ് സി പി ഒ മഹേഷ് കെ. സിയുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായാണ് ബിജുവിനെ കണ്ടെത്താനായത്. പ്രതിയുടെ കുടുംബ സാഹചര്യങ്ങളും രീതികളും വിശദമായി മനസ്സിലാക്കി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതു വഴി അയാൾ അടുത്തിടെ എടുത്ത മൊബൈല്‍ നമ്പര്‍ ലഭിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്ന് പിടികൂടുകയുമായിരുന്നു.ഈ കൊലപാതകമാണ് 2023ല്‍ പുറത്തിറങ്ങിയ ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിന് ആധാരം.

LEAVE A REPLY

Please enter your comment!
Please enter your name here