ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് ദില്ലി ബാബു (50) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു വിയോഗം.
ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചയാളായിരുന്നു ദില്ലി ബാബു. 2015-ൽ ഉറുമീൻ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള കടന്നുവരവ്. മരഗത നാണയം, ഇരവുക്ക് ആയിരം കൺകൾ, രാക്ഷസൻ, ഓ മൈ കടവുളേ, ബാച്ച്ലർ, മിറൽ, കൾവൻ എന്നിവയാണ് നിർമിച്ച സുപ്രധാന ചിത്രങ്ങൾ. ഇതിൽ കൾവൻ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്.
നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ച് എത്തുന്നത്. മരഗത നാണയം എന്ന ചിത്രത്തിലൂടെ തനിക്ക് ജീവിതം നൽകിയയാളാണ് ദില്ലി ബാബുവെന്ന് സംവിധായകൻ എ.ആർ.കെ ശരവണൻ എക്സിൽ പോസ്റ്റ് ചെയ്തു. തമിഴ് സിനിമയ്ക്ക് ഒരു നല്ല മനുഷ്യനേയും നിർമാതാവിനേയുമാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്തരമുതലാണ് വീട്ടിൽ പൊതുദർശനം നടക്കുക. സംസ്കാരം വൈകിട്ട് നാലരയോടെ നടക്കും.