കാർളോയുടെ പാതയില്‍ വിശുദ്ധ പദവിയിലേക്ക് ബ്രിട്ടീഷ് യുവാവ്

മാഞ്ചസ്റ്റര്‍: തന്റെ ജീവിതം പൂര്‍ണ്ണമായും കര്‍ത്താവിന് സമർപ്പിച്ച
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ചെറുപ്പക്കാരന്‍ വിശുദ്ധ കാർളോ
അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും പോലെ വിശുദ്ധരുടെ
നിരയിലേക്ക് ഉയര്‍ത്തപ്പെടുമോ? വിശുദ്ധിയും പ്രാർത്ഥനയും ത്യാഗവും കൊണ്ട്
അനേകരുടെ ഇടയില്‍ ശ്രദ്ധ നേടി 21 വയസ്സുള്ളപ്പോൾ അര്‍ബുദം ബാധിച്ച്
നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട പെഡ്രോ ബാലെസ്റ്റർ എന്ന യുവാവിന്റെ
ജീവിതമാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. നാമകരണത്തിന് മുന്നോടിയായി
യുവാവിന്റെ ജീവിതത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയുവാന്‍ വത്തിക്കാൻ
പ്രതിനിധികൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും
ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് ‘ഇ‌ഡബ്ല്യു‌ടി‌എന്‍’ റിപ്പോര്‍ട്ട്
ചെയ്യുന്നത്.
ഒരു കത്തോലിക്കാ കുടുംബത്തിലാണ് ബാലെസ്റ്ററിന്റെ ജനനം. സ്പെയിന്‍
സ്വദേശികളായ മാതാപിതാക്കൾ, വിശുദ്ധ ജോസ്മരിയ എസ്ക്രിവ സ്പെയിനിൽ സ്ഥാപിച്ച ഓപുസ് ദേയിലെ അംഗങ്ങളായിരിന്നു. 2013-ൽ ബാലെസ്റ്റർ ഓപുസ് ദേയില്‍
അംഗമായി. ജീവിതകാലം മുഴുവൻ ബ്രഹ്മചര്യത്തിൽ മുഴുകുകയും,
സാധ്യമാകുമ്പോഴെല്ലാം ഓപുസ് ദേയ് കൂട്ടായ്മയില്‍ താമസിക്കുകയും, ആത്മീയവും
അപ്പോസ്തോലികവുമായ ദൗത്യത്തിനായി സ്വയം പൂർണ്ണമായും സമർപ്പിക്കുകയും
ചെയ്യുന്ന ഒരു സാധാരണ അംഗമായാണ് അദ്ദേഹം ഇതില്‍ അംഗമായത്.






ഇതിനിടെ ലണ്ടനിലെ ഇംപീരിയൽ കോളേജിൽ കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ അവസരം നേടി. ആദ്യ സെമസ്റ്ററിൽ ബാലെസ്റ്ററിന് കഠിനമായ നടുവേദന
അനുഭവപ്പെട്ടിരിന്നു. വൈകാതെ പെൽവിസിൽ കാൻസർ ബാധിച്ചതായി കണ്ടെത്തി.
ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ അപ്രതീക്ഷിതമായി അര്‍ബുദം വിഴുങ്ങിയപ്പോഴും
പതറാന്‍ അവന്‍ തയാറായിരിന്നില്ല. മാഞ്ചസ്റ്ററിലെ ക്രിസ്റ്റീസ്
ആശുപത്രിയിലാണ് കാൻസർ ചികിത്സയ്ക്കായി തെരഞ്ഞെടുത്തത്. ഇവിടെയെത്തിയ
രോഗികളും ആശുപത്രി ജീവനക്കാരും അദ്ദേഹത്തിന്റെ വിശുദ്ധിയും അടിയുറച്ച
വിശ്വാസവും വിനയത്തോടെയുള്ള ഇടപെടലും അനുഭവിച്ചറിഞ്ഞു.







ആശുപത്രിക്ക് പുറത്തും അവരുടെ ജീവിതത്തിൽ നല്ല സുഹൃത്തായി അവന്‍ മാറി.
തന്റെ സഹ രോഗികളെയും ആശുപത്രിയിലെ നഴ്സുമാരെയും സൗഹൃദത്തിലാക്കി. അവരുടെ ചെറിയ കാര്യങ്ങളിലും സങ്കടങ്ങളിലും സന്തോഷങ്ങളിലും പെഡ്രോ പങ്കാളിയായി.
അവരോടു ഈശോയേ കുറിച്ചു പങ്കുവെച്ച് തുടങ്ങി. ഇതിനിടെ 2015 നവംബറിൽ
ബാലെസ്റ്റർ ഫ്രാൻസിസ് മാർപാപ്പയെ നേരിട്ടു കണ്ടു. പാപ്പയെ കണ്ടപ്പോള്‍ ഒരു
കത്തും നല്‍കി- “എനിക്ക് കാൻസർ ബാധിച്ചുവെന്ന് പാപ്പയെ അറിയിക്കാൻ
ആഗ്രഹിക്കുകയാണെന്നും പാപ്പയ്ക്കും സഭയ്ക്കും വേണ്ടി എല്ലാ കഷ്ടപ്പാടുകളും
ഞാൻ സമര്‍പ്പിക്കുന്നു” എന്നതായിരിന്നു അവന്റെ കത്തിന്റെ ഉള്ളടക്കം. ഈ
കത്തില്‍ മറ്റു കാൻസർ രോഗികൾ ഒപ്പിട്ടിരിന്നു.









അധികം വൈകാതെ ആ യുവാവിന്റെ സഹനങ്ങള്‍ വര്‍ദ്ധിച്ചു തുടങ്ങി. മരണകരമായ
കഠിനമായ വേദനയിലൂടെയാണ് അവന്‍ കടന്നുപോയിക്കൊണ്ടിരിന്നത്. ഈ
സഹനങ്ങളെല്ലാം അവന്‍ തിരുസഭയ്ക്കും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടി
സമര്‍പ്പിച്ചു. 2018 ജനുവരി 13ന് തന്റെ വിശുദ്ധിയില്‍ നിറഞ്ഞ ഇഹലോകം ജീവിതം
അവസാനിപ്പിച്ച് പെഡ്രോ ബാലെസ്റ്റർ നിത്യപിതാവിന്റെ സന്നിധിയിലേക്ക്
മടങ്ങി.
പെഡ്രോയെയും കാർലോ അക്യുട്ടിസിനെയും പോലുള്ളവർ ദൈവത്തിന്
പൂർണ്ണമായും സ്വയം സമർപ്പിച്ചവരാണെന്നും ആഴത്തിലുള്ള സമര്‍പ്പണത്തിലും
സഹനത്തിലും അവർ സന്തോഷം കണ്ടെത്തിയിരിന്നുവെന്നും ബാലെസ്റ്ററിന്റെ
ജീവിതത്തിന്റെ അവസാന വർഷത്തിൽ അദ്ദേഹത്തോട് ഒപ്പമുണ്ടായിരിന്ന
മാഞ്ചസ്റ്ററിലെ ഗ്രേഗാർത്ത് ചാപ്ലെയിൻ ഫാ. ജോസഫ് ഇവാൻസ് പറയുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച മറ്റൊരു യുവാവ് കൂടി
വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമോ? ബാലെസ്റ്ററിനെ അറിയുന്നവരെല്ലാം
പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്..!


One thought on “കാർളോയുടെ പാതയില്‍ വിശുദ്ധ പദവിയിലേക്ക് ബ്രിട്ടീഷ് യുവാവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!