*ഒന്നാംഘട്ട വാണിജ്യ പ്രവർത്തനങ്ങൾ വിജയകരമെന്ന് മന്ത്രി
*ഇതുവരെ 636 കപ്പലുകൾ വരുകയും 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവർത്തനം പ്രതീക്ഷിച്ചതിലും
ഏറെ വിജയകരമായി മുന്നേറിയെന്നും വാണിജ്യപരമായ പ്രവർത്തനം ആരംഭിച്ച് ഒരു
വർഷം പൂർത്തിയാക്കിയപ്പോൾ, ലക്ഷ്യമിട്ടതിലും 4 ലക്ഷത്തോളം
കണ്ടെയ്നറുകൾ അധികം കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നും തുറമുഖ വകുപ്പ്
മന്ത്രി വി. എൻ. വാസവൻ. അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ
ജനുവരിയിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് സംഘടിപ്പിച്ച
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്ത്
തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച ആലോചനായോഗത്തിന് ശേഷമാണ് മന്ത്രി വിവരങ്ങൾ
പങ്കുവെച്ചത്.
2024 ഡിസംബർ 3-നാണ്
എൻജിനീയർമാർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്ന് വാണിജ്യ
പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുറമുഖത്തിന്റെ ആദ്യ വർഷത്തെ ലക്ഷ്യം 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് 636 കപ്പലുകൾ വരികയും 14 ലക്ഷത്തോളം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏഷ്യൻ ഭൂഖണ്ഡത്തിലെ തീരങ്ങളിൽ മുൻപ് വന്നിട്ടില്ലാത്ത എം.എസ്.സി. ടർക്കി, എം.എസ്.സി. ഐറീന, എം.എസ്.സി. വെറോന ഉൾപ്പെടെയുള്ള ലോകത്തിലെ തന്നെ ഏറ്റവും കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിരുന്നു.
തുറമുഖത്തിന്റെ രണ്ടും, മൂന്നും, നാലും ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി.
രണ്ടാം ഘട്ടത്തിൽ, നിലവിലുള്ള 800 മീറ്റർ ബർത്ത് 1200 മീറ്റർ കൂടി വർദ്ധിപ്പിച്ച് 2000 മീറ്റർ ബർത്താക്കി മാറ്റും. ഇതോടെ കൂറ്റൻ കപ്പലുകൾക്ക് ഒരേസമയം വന്നു ചരക്കിറക്കാൻ സാധിക്കും. കൂടാതെ, നിലവിലുള്ള 2.96 കിലോമീറ്റർ ബ്രേക്ക് വാട്ടർ 920 മീറ്റർ കൂടി വർദ്ധിപ്പിച്ച് 3900-ൽ പരം മീറ്ററാക്കി മാറ്റും.
ജനുവരി
രണ്ടാം വാരത്തിൽ അടുത്ത ഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
നടക്കും. മുഖ്യമന്ത്രിയുടെയും അദാനിയുടെയും സൗകര്യം ആരാഞ്ഞ ശേഷമായിരിക്കും
അന്തിമ തീയതി പ്രഖ്യാപിക്കുക.
പുതിയ കരാർ അനുസരിച്ച്, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങൾ 2028-ഓടു കൂടി പൂർത്തീകരിക്കും. ഇതോടെ വിഴിഞ്ഞം ലോകം ശ്രദ്ധിക്കുന്ന തുറമുഖമായി മാറുമെന്നും മന്ത്രി പറഞ്ഞു.
താൽക്കാലികമായി
നിർമ്മിച്ച അപ്രോച്ച് റോഡിന്റെ കണക്റ്റിവിറ്റി പണി പൂർത്തിയാക്കുകയും
അതിന്റെ ഉദ്ഘാടനം ഉടൻ നടത്തുകയും ചെയ്യും. അതോടെ റോഡ് മാർഗ്ഗമുള്ള ചരക്ക്
ഗതാഗതത്തിന് തുടക്കമാകും.
റെയിൽവേ കണക്റ്റിവിറ്റിക്കായി 10.7 കിലോമീറ്റർ
റെയിൽവേ പാതയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. തുറമുഖത്തിന്
അടുത്തിടെ ഐ.സി.പി. (ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ്) സ്റ്റാറ്റസ്
ലഭിച്ചതോടെ ടൂറിസം രംഗത്ത് പുതിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിയും. ടൂറിസം
ഡിപ്പാർട്ട്മെന്റുമായി ആലോചിച്ച് ഇതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. കൂടാതെ, രണ്ടാം, മൂന്നാം, നാലാം ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടിവരുന്ന യാർഡ് സൗകര്യങ്ങൾക്കും ഇൻസ്‌പെക്ഷനുമുള്ള സംവിധാനങ്ങൾക്കുമായി 50 ഹെക്ടറോളം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
നികുതി ഇനത്തിൽ സർക്കാരിലേക്ക് ഇതുവരെ 97 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ആയിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിച്ചിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ 6000-ത്തിലധികം പേർക്ക് നേരിട്ടും, ലോജിസ്റ്റിക്‌സ് സംവിധാനങ്ങളോടും അനുബന്ധ വ്യവസായങ്ങളോടും ബന്ധപ്പെട്ട് ആയിരക്കണക്കിന് പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
20 മീറ്റർ ആഴം, അടിയിൽ പാറയാണ്, അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് 10 നോട്ടിക്കൽ
മൈൽ മാത്രം ദൂരം എന്നിങ്ങനെയുള്ള പ്രകൃതിദത്തമായ സൗകര്യങ്ങളാണ് വിഴിഞ്ഞം
തുറമുഖത്തിന്റെ പ്രത്യേകത. ദുബായിലോ സിംഗപ്പൂരിലോ കൊളംബോയിലോ ഒന്നും
പോകാത്ത കപ്പലുകൾ ഇവിടെ വന്നിരിക്കുന്നു എന്നതും അഭിമാനകരമാണെന്ന് മന്ത്രി
കൂട്ടിച്ചേർത്തു.



Alright folks, gave one7899vn a go. So far, so good! They have a good selection. Could be something to dig in to. one7899vn