കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍; 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു

ഒരു വര്‍ഷം കൊണ്ട് രോഗികള്‍ക്ക് ലഭ്യമാക്കിയത് 4.62 കോടിയുടെ ആനുകൂല്യം സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതിയുടെ ഭാഗമായി 58
കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു. പുതിയ
കൗണ്ടറുകളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
നിര്‍വഹിച്ചു. കെ.എം.എസ്.സി.എല്‍. ആണ് പദ്ധതി നടപ്പിലാക്കുന്നത്. കരുണ്യ
സ്പര്‍ശം കൗണ്ടറുകള്‍ മുഖേന കാന്‍സര്‍ രോഗികള്‍ക്ക് വിലകൂടിയ മരുന്നുകള്‍
ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ലാഭരഹിതമായി
90 ശതമാനത്തിലേറെ വില കുറച്ചാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം നടത്തിയത്.2024
ആഗസ്റ്റ് 29 നാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം
ചെയ്തത്. ആദ്യ ഘട്ടമായി എല്ലാ ജില്ലകളിലുമായി 14 കാരുണ്യ ഫാര്‍മസികളിലാണ്
സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ കൗണ്ടറുകള്‍ ആരംഭിച്ചത്. പദ്ധതിയുടെ
വിജയത്തെ തുടര്‍ന്നാണ് വിപുലീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തിലെ 14
കൗണ്ടറുകള്‍ ഉള്‍പ്പെടെ ആകെ 72 കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍
സംസ്ഥാനത്തുടനീളം പ്രവര്‍ത്തനക്ഷമമാകും.ഇപ്പോള്‍ 247 ബ്രാന്‍ഡഡ്
ഓങ്കോളജി മരുന്നുകള്‍ കാരുണ്യ ഫാര്‍മസികള്‍ വഴി സീറോ പ്രോഫിറ്റ്
നിരക്കില്‍ ലഭ്യമാണ്. പദ്ധതി ആരംഭിച്ച് കഴിഞ്ഞ് ഇതുവരെ വിപണിമൂല്യമായി 6.88
കോടി വില വരുന്ന മരുന്നുകള്‍ 2.26 കോടി നിരക്കില്‍ രോഗികള്‍ക്ക്
ലഭ്യമാക്കാന്‍ സാധിച്ചു. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ആകെ 4.62 കോടി രൂപയുടെ
ആനുകൂല്യം നല്‍കാനായി.അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കാവശ്യമായ
വിലകൂടിയ മരുന്നുകള്‍ കൂടി സീറോ പ്രോഫിറ്റ് വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണ്. ഇതിലൂടെ മറ്റ് ഗുരുതര
രോഗങ്ങള്‍ക്കുള്ള ചികിത്സയും ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍
കഴിയും.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ്
ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, എന്‍എച്ച്എം
സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. എംഡി, ജനറല്‍ മാനേജര്‍,
മുന്‍ ജനറല്‍ മാനേജര്‍, ആര്‍സിസി, സിസിആര്‍സി, എംസിസി ഡയറക്ടര്‍മാര്‍,
എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

2 thoughts on “കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍; 58 കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ കൂടി ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!