ഇന്ത്യയുടെ കയർ ഉൽപ്പന്നങ്ങളെ ആഗോള ബ്രാൻഡാക്കി മാറ്റാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി 

അതിജീവനശേഷിക്കും നൂതനാശയങ്ങൾക്കും ഇന്ത്യൻ കയർ വ്യവസായത്തെ പ്രശംസിച്ച് ശ്രീ സി പി രാധാകൃഷ്ണൻ

സുസ്ഥിര വികസനത്തിന്റെ പ്രതീകമാണു കയറെന്ന് ഉപരാഷ്ട്രപതി; ഇന്ത്യൻ കയർ ഉൽപ്പന്നങ്ങളുടെ ആധുനിക ബ്രാൻഡിങ്ങിനും ആഗോള വിപണിവിപുലീകരണത്തിനും ആഹ്വാനംചെയ്തു
പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നത് കയറിന്റെ ആഗോള വിജയത്തിൽ നിർണായകമാകും: ഉപരാഷ്ട്രപതി
 ന്യൂഡൽഹി : 03 നവംബർ 2025 
ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ ഇന്ന് ഇന്ത്യയിലെ കയർ കയറ്റുമതിക്കാരുടെ സംഘടനകളുടെ ഫെഡറേഷൻ (FICEA) അംഗങ്ങളുമായി കൊല്ലത്ത് ആശയവിനിമയം നടത്തി. രാജ്യത്തെ കയർമേഖലയുടെ ശ്രദ്ധേയ വളർച്ചയും അതിജീവനശേഷിയും ആഘോഷിക്കുന്നതിനായി പ്രമുഖ കയറ്റുമതിക്കാർ, വ്യവസായപ്രമുഖർ, FICEA അംഗങ്ങൾ എന്നിവരെ ഈ കൂടിക്കാഴ്ച ഒരുമിപ്പിച്ചു.
സദസിനെ അഭിസംബോധന ചെയ്ത ശ്രീ സി പി രാധാകൃഷ്ണൻ, ഇന്ത്യൻ കയർ വ്യവസായത്തെ ആഗോളതലത്തിൽ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കയറ്റുമതിക്കാരും മറ്റു പങ്കാളികളും വഹിച്ച നിർണായക പങ്ക് എടുത്തുപറഞ്ഞു. അദ്ദേഹം കയർ ബോർഡിന്റെ ചെയർമാനായിരുന്ന കാലഘട്ടം (2016–2020) FICEA അംഗങ്ങൾ സ്നേഹപൂർവം അനുസ്മരിച്ചു. ആ കാലയളവിൽ കൂട്ടായ പരിശ്രമത്തിന്റെയും വ്യാപകമായ വ്യവസായ സഹകരണത്തിന്റെയും ഫലമായി കയറ്റുമതി ഇരട്ടിയായതായി അവർ ചൂണ്ടിക്കാട്ടി.
സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സാമഗ്രികളിലേക്കുള്ള ആഗോളമാറ്റം നൽകുന്ന അവസരങ്ങളെക്കുറിച്ചു ശ്രീ സി പി രാധാകൃഷ്ണൻ പറഞ്ഞു. ബ്രാൻഡിങ്, ഗുണനിലവാരം, വിപണിപ്രവേശനം എന്നിവ വർധിപ്പിക്കാൻ, പരമ്പരാഗത അറിവ് ആധുനിക സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു.
കയറ്റുമതിക്കാരെ ഒന്നിപ്പിക്കുന്നതിലും, താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും, ആഗോള വിപണികളിൽ ഇന്ത്യൻ കയറിന്റെ കരുത്തുറ്റ സാന്നിധ്യം ഉറപ്പാക്കുന്നതിലും FICEA വഹിച്ച നിർണായക പങ്കിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ലോകമെമ്പാടുമുള്ള സുസ്ഥിരത, ഗുണനിലവാരം, നവീകരണം എന്നിവയുടെ പര്യായമായി “ഇന്ത്യൻ കയർ” മാറ്റിയെടുക്കുന്നതിനു പങ്കാളിത്തമനോഭാവം കൂടുതൽ ശക്തിപ്പെടുത്താൻ പ്രേരണയേകി.
കരുത്തുറ്റ നേതൃത്വത്തിനും സുസ്ഥിരസഹകരണത്തിനുംകീഴിൽ കയർ വ്യവസായം പുതിയ നാഴികക്കല്ലുകൾ കൈവരിക്കുകയും, ആഗോളതലത്തിൽ തിളങ്ങുകയും, ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിന്റെ ശാശ്വതമാതൃകയായി മാറുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണു ശ്രീ രാധാകൃഷ്ണൻ പ്രസംഗം ഉപസംഹരിച്ചത്.

One thought on “ഇന്ത്യയുടെ കയർ ഉൽപ്പന്നങ്ങളെ ആഗോള ബ്രാൻഡാക്കി മാറ്റാൻ ആഹ്വാനം ചെയ്ത് ഉപരാഷ്ട്രപതി 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!