ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നാളെ

പാറത്തോട്: ഇന്‍ഫാം ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ആതിഥേയത്വം വഹിക്കുന്ന ‘ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് 2025’ നാളെ (തിങ്കള്‍) രാവിലെ 10 ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണം നടത്തും.

ഇന്‍ഫാം കര്‍ഷകരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഇന്‍ഫാം കിസാന്‍ ജെംസ് എക്‌സലന്‍സ് അവാര്‍ഡ് നല്‍കിയും ഗവണ്‍മെന്റ് അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്ന് ബിരുദത്തിലോ ബിരുദാനന്തര ബിരുദത്തിലോ 1, 2, 3 റാങ്കുകള്‍ നേടിയ കുട്ടികളെ ഇന്‍ഫാം വിദ്യാശ്രീ അവാര്‍ഡ് നല്‍കിയും അവരുടെ മാതാപിതാക്കളോടൊപ്പം ഇന്‍ഫാം അനുമോദിക്കും. കുട്ടികള്‍ക്ക് സ്വര്‍ണ നാണയങ്ങളും മെമെന്റോയും മറ്റു സമ്മാനങ്ങളും നല്‍കും.

ഇന്‍ഫാം തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെയും കേരള സംസ്ഥാനത്തെ കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കോതമംഗലം, തലശേരി, താമരശേരി, മാവേലിക്കര, പാറശാല കാര്‍ഷികജില്ലകളില്‍ നിന്നുമുള്‍പ്പെടെ 380 ല്‍പരം കുട്ടികളും അവരുടെ മാതാപിതാക്കളും ഇന്‍ഫാം ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക്, ഗ്രാമ ഭാരവാഹികളും, മഹിളാസമാജ് ഭാരവാഹികളും ഉള്‍പ്പെടെ മൂവായിരത്തില്‍പരം ആളുകള്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കും.

ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ദേശീയജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഫാ. ജോസ് മോനിപ്പള്ളി, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, സെക്രട്ടറി സെല്‍വേന്ദ്രന്‍, കേരള സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!