പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കും, തിരുത്തും; നയരേഖയില്‍ വ്യക്‌തതയുമായി എം.വി. ഗോവിന്ദന്‍

കൊല്ലം: പാര്‍ട്ടിക്കും നേതൃത്വത്തിനുമെതിരായ വിമര്‍ശനങ്ങള്‍ മനസ്സിലാക്കി തിരുത്തുമെന്ന് സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയില്‍ ഒരു നവീകരണപ്രക്രിയയാണ് നടക്കുന്നത്. വിമര്‍ശനങ്ങളെ അതിന്റെ ഭാഗമായാണ് കാണുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.പി.പി.ദിവ്യയുടെ കാര്യത്തില്‍ പാര്‍ട്ടി ശരിയായ നിലപാടാണെടുത്തത് തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ടാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സംസ്ഥാന സമ്മേളനത്തിലെ മറുപടിപ്രസംഗത്തില്‍ എം.വി.ഗോവിന്ദന്‍ പറഞ്ഞു. പൊതുമേഖലയെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്‌ഥാപനങ്ങളിലൊന്നും പൊതു-സ്വകാര്യ പങ്കാളിത്തം (പി.പി.പി) നടപ്പാക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.എം. സംസ്‌ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരള’ നയരേഖയില്‍, സ്വകാര്യ നിക്ഷേപം ആര്‍ജിക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു മറുപടി നല്‍കവെയാണു സംസ്‌ഥാന സെക്രട്ടറി ഇക്കാര്യം വ്യക്‌തമാക്കിയത്‌. നയരേഖയ്‌ക്കു പ്രതിനിധികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘പുതിയ വിഭവ സമാഹരണ നിര്‍ദേശങ്ങള്‍ പ്രതിനിധികള്‍ സ്വാഗതം ചെയ്‌തു.

രേഖയോടൊപ്പം ചേര്‍ക്കേണ്ട നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടുവച്ചു. ചങ്ങാത്ത മുതലാളിത്തം ഉദ്ദേശിക്കുന്നില്ല. യൂസര്‍ ഫീസില്‍ തീരുമാനമായിട്ടില്ല. ജനങ്ങളുടെ സമ്മതത്തോടെമാത്രമേ മുന്നോട്ടുപോകൂ. നവകേരള നിര്‍മാണം സാമൂഹികനീതിയില്‍ അധിഷ്‌ഠിതമായിരിക്കും’-എം.വി. ഗോവിന്ദന്‍ പറഞ്ഞു. വന്യജിവി ആക്രമണം പ്രതിരോധിക്കാന്‍ ഇടപെടല്‍ വേണമെന്നും വന്യജീവികള്‍ക്കൊപ്പം കര്‍ഷകരുടെ ജീവനും പ്രധാനപ്പെട്ടതാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

അണക്കെട്ടുകളില്‍നിന്നു മണല്‍വാരി പണം ഉണ്ടാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരേ സമൂഹം അണിനിരക്കണമെന്നും ഇത്തരം അതിക്രമങ്ങള്‍ ജനകീയകൂട്ടായ്‌മയിലൂടെ പ്രതിരോധിക്കണമെന്നും ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രാജ്യത്തു സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്‌. 2022-ല്‍ നാലര ലക്ഷം പേര്‍ അക്രമത്തിനിരയായെന്നാണു കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്‌തമാക്കുന്നത്‌.

നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ചു പ്രതിദിനം പത്ത്‌ ദളിത്‌ സ്‌ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. സ്‌ത്രീ സുരക്ഷയ്‌ക്കു പദ്ധതികള്‍ ആവിഷ്‌കരിക്കാനും ബജറ്റിന്റെ ഭാഗമായി സാമ്പത്തിക പിന്തുണ നല്‍കാനും മോദി സര്‍ക്കാന്‍ തയാറാകുന്നില്ല. അതേസമയം, സ്‌ത്രീസുരക്ഷയ്‌ക്ക് അതീവ പ്രാധാന്യം നല്‍കുന്ന സമീപനമാണു കേരള സര്‍ക്കാരിന്റേതെന്നും ഗോവിന്ദന്‍ വ്യക്‌തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!