ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുളളവര്‍ക്ക് സവിശേഷ വോട്ടര്‍ ഐ.ഡി നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മിഷന്‍

തിരുവനന്തപുരം: ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐ.ഡി കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഭാവിയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ സവിശേഷ നമ്പര്‍ ഉറപ്പാക്കും. ഇരട്ട വോട്ടര്‍ ഐ.ഡി നമ്പര്‍ കിട്ടിയവരും യഥാര്‍ഥ വോട്ടര്‍മാര്‍ തന്നെയാണെന്ന് കമ്മീഷന്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. വോട്ടര്‍ ഐ.ഡി സീരീസ് അനുവദിച്ചപ്പോള്‍ ചില രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തെറ്റായ സീരീസ് നല്‍കിയതാണ് പിഴവിന് കാരണം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അവരവരുടെ വോട്ടര്‍ പട്ടിക സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് കൊണ്ടാണ് ഇതുവരെ പിശക് കണ്ടുപിടിക്കപ്പെടാതെ പോയത്. സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടത്തി ഇതിന് പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്ന് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ ഐ ഡി നമ്പര്‍ ഏതാണെങ്കിലും, ഒരു പോളിംഗ് സ്റ്റേഷനിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള വോട്ടര്‍ക്ക് അവിടെ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ അപാകത ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍, ജില്ലാ മജിസ്ട്രേട്ടിനോ ജില്ലാ കളക്ടര്‍ക്കോ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. തീരുമാനം തൃപ്തികരമല്ലെങ്കില്‍ അതാത് സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണപ്രദേശത്തിന്റെയോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കാനും സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!