‘ഉല്ലാസ്’ നിരക്ഷരതാ നിർമാർജ്ജന പദ്ധതി:ആദ്യഘട്ടം ജില്ലയിലെ 20 പഞ്ചായത്തുകളിൽ


കോട്ടയം: നവസാക്ഷർ ഭാരത് ( ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ) പരിപാടിയുടെ ഭാഗമായി കേരളത്തിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കാനുള്ള ഉല്ലാസ് (അണ്ടർസ്റ്റാൻിങ് ലൈഫ്ലോങ് ലേണിങ് ഫോർ ഓൾ ഇൻ സൊസൈറ്റി) പദ്ധതിയിൽ കോട്ടയം ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകൾ തെരഞ്ഞെടുക്കപ്പെട്ടു.
തലപ്പലം, ആർപ്പൂക്കര, കല്ലറ, തലയോലപ്പറമ്പ്, മണിമല, മുണ്ടക്കയം, മുത്തോലി, മീനച്ചിൽ, വാഴപ്പള്ളി, പായിപ്പാട്, മാടപ്പള്ളി, അയർക്കുന്നം, മണർകാട്, കൂരോപ്പട, മരങ്ങാട്ടുപള്ളി, കാണക്കാരി, രാമപുരം, നെടുങ്കുന്നം, വാഴൂർ, ചെമ്പ് എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. മറ്റു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും.
നൂറു ശതമാനം സാക്ഷരത കൈവരിക്കുകയാണ് കേന്ദ്ര സർക്കാർ പദ്ധതിയുടെ ലക്ഷ്യം. ആകെ ചെലവിന്റെ 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും അനുവദിക്കും.
മലയോര മേഖലകളിലും സങ്കേതങ്ങളിലും തീര പ്രദേശങ്ങളിലും പ്രത്യേക ഊന്നൽ നൽകി നിരക്ഷരതാ നിർമാർജ്ജനം നടപ്പാക്കാണ് തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായി ജില്ലാതല സംഘാടക സമിതി രൂപീകരിച്ചിരുന്നു. തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറാണ് സമിതിയുടെ ജനറൽ കൺവീനർ. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറാണ്. മാർച്ച് 10 ന് മുമ്പായി പഞ്ചായത്തുതല സംഘാടക സമിതികൾ രൂപീകരിക്കും.
സന്നദ്ധ സംഘടനകളുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റിസോഴ്സ് പേഴ്സൺമാരെയും സന്നദ്ധ അധ്യാപകരെയും ഇതിനായി കണ്ടെത്തും.
വാർഡ് തലത്തിൽ സർവേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തുക. പഠിതാക്കളുടെ സൗകര്യം കണക്കാക്കി ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നൽകും. ജൂൺ 29ന് പൊതുപരീക്ഷ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!