ആലപ്പുഴ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവന്ന കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ക്രൈം 155/1998 (ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ക്രൈം 318/1998) (എൽപി നം 22/2006) നമ്പർ കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രൻ (52) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സുപ്രണ്ടിന്റെ നിർദ്ദേശാനുസരണം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും മേയ് 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്താവള അതോറിറ്റി വിവരം അറിയിച്ചു. തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ.എസ്.ഐ പ്രസാദ്, സജിമോൻ, എസ്.സി.പി.ഒ അരുൺരാജ്, സിപിഒ ലിജിമോൻ എന്നിവർ ഇയാളെ പിടികൂടി കസ്റ്റഡിയിൽ എടുത്ത് ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.
1998 ജൂൺ 29-ാം തീയതി ചെങ്ങന്നൂർ വില്ലേജിൽ മുണ്ടൻകാവ് മുറിയിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന ലീല ഓഫ്സൈറ്റ് പ്രസ്സ് എന്ന സ്ഥാപനം റെയ്ഡ് നടത്തി യു എ ഇ ഗവൺമെന്റിന്റെ 500 ദിർഹത്തിന്റെ 8762 നോട്ടുകളും, 100 രൂപയുടെ ഒരു ഇന്ത്യൻ കറൻസിയും, രണ്ട് ഇന്ത്യൻ മുദ്രപത്രവും കണ്ടെടുത്തിരുന്നു. സ്ഥാപന ഉടമയും ഒന്നാം പ്രതിയുമായ ലീലാമ്മയും രണ്ടാം പ്രതിയും മകനുമായ രാജീവ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ നേരത്തെ ഹാജരാക്കിയിരുന്നു. പ്രതിയാക്കപ്പെട്ട രാജേഷ് 28 വർഷമായി ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു.
