നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ് പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം
2025 ലെ ദേശീയ പഞ്ചായത്ത് അവാർഡിൽ നാനാജി ദേശ്മുഖ് സർവ്വോത്തം പഞ്ചായത്ത് സദദ് വികാസ് പുരസ്കാര വിഭാഗത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിൽ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമീണ വികസനം, സ്ഥിരതയാർന്ന പുരോഗതി, ജനപങ്കാളിത്തം, ശുചിത്വം, കാർഷിക വികസനം, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള ദേശീയ അംഗീകാരമാണിത്. 2023-24 വർഷം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളുടെ മികച്ച പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയത്തിലൂടെയാണ് 2025 ലെ ദേശീയ പഞ്ചായത്ത് അവാർഡിന് ഹരിപ്പാട് ബ്ലോക്ക് അർഹമായത്. രണ്ട് കോടി രൂപയാണ് പുരസ്‌കാര തുക. പുരസ്കാരദാന തീയതി പിന്നീട് അറിയിക്കും. ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച ഈ പുരസ്കാരത്തെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉർജ്ജമായി കാണുന്നതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ നാഥൻ പറഞ്ഞു.
