കാഞ്ഞിരപ്പള്ളി: സീറോമലബാര്‍ സഭ 2026 വര്‍ഷം സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില്‍ റാലിയും പൊതുസമ്മേളനവും മൂന്നിന് വൈകുന്നേരം അഞ്ചിന് നടക്കും.
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനത്തുനിന്ന് ആരംഭിക്കുന്ന റാലി ടൗണ്‍ ചുറ്റി മഹാജൂബിലി ഹാളില്‍ സമാപിക്കും. രൂപത വികാരി ജനറാള്‍ ഫാ. ഡോ. ജോസഫ്
വെള്ളമറ്റം റാലി ഫ്ലാഗ് ഓഫ് ചെയ്യും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനവും കലാപരിപാടികളും രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.
കത്തീഡ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ ഫാ. ഡോ. കുര്യന് താമരശേരി അധ്യക്ഷത വഹിക്കും. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി നിയമപോരാട്ടം
നടത്തുന്ന അഡ്വ. ജസ്റ്റിന് പള്ളിവാതുക്കല്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് സമുദായ ശക്തീകരണ പ്രതിജ്ഞയോടെ യോഗം സമാപിക്കും.
ഏപ്രില്‍ 18 മുതൽ മേയ് രണ്ടുവരെ നടന്നുവരുന്ന കൂട്ടായ്മകളുടെ സംഗമ സമാപനമാണ് വിപുലമായി ക്രമീകരിച്ചിരിക്കുന്നത്. പ്രായോഗിക നടപടികളിലൂടെ സമുദായബോധം പകര്‍ന്നു കൊടുക്കുകയും സമുദായസ്നേഹം വളര്‍ത്തുകയും സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുകയും സമുദായ മുന്നേറ്റങ്ങള്‍ക്ക് പുനരാരംഭം കുറിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമുദായശക്തീകരണവര്‍ഷം ആരംഭിച്ചിരിക്കുന്നത്.
വര്‍ഗീയതയില്‍നിന്നു വ്യത്യസ്തമായി, സമുദായബോധവും സ്നേഹവും കൂട്ടായ്മയും വളര്‍ത്തുന്ന ദൗത്യമാണ് ഇടവക സമൂഹം ഏറ്റെടുത്തിരിക്കുന്നത്.കത്തീഡ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ ഫാ. ഡോ. കുര്യന് താമരശേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരി, ഫാ. ജസ്റ്റിന് മണിമല, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പില്‍, ഇട്ടിരാച്ചന് കൊല്ലംകുളം, ടി.സി. ചാക്കോ വാവലുമാക്കല്‍, പി.കെ. കുരുവിള പിണമറുകില്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് ചെറിയമുക്കട, പബ്ലിസിറ്റി കണ്‍വീനര്‍ റെജി കൊച്ചുകരിപ്പാപ്പറമ്പില്‍, റാലി കണ്‍വീനര്‍ റെജി കൈപ്പന്‍പ്ലാക്കല്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
