കോട്ടയം: കിടങ്ങൂർ സ്വദേശിയായ സഹോദരിമാരെ കന്യാകുമാരിയിൽ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കിടങ്ങൂർ കുരിക്കാട്ടിൽ ആൻ ഫിലിപ്പ് (35), സഹോദരി മീര ഫിലിപ്പ് (32) എന്നിവരാണ് കന്യാകുമാരിയിൽ സന്ദർശനത്തിനിടെ മരിച്ചത്. ഇന്നലെ പുലർച്ചെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ കണ്ടത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സഹോദരിമാർ നാട്ടിലെത്തിയത്. മധുര, രമേശ്വരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഏപ്രിൽ 26-ാം തീയതി വൈകുന്നേരമാണ് കന്യാകുമാരിയിൽ എത്തിയത്. അവിടെ ഒരു സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. ഇടക്ക് പുറത്തുപോയ ഇവർ തിരികെ എത്തിയില്ല. രണ്ടു നാളായിട്ടും മടങ്ങിയെത്താതിരുന്നതോടെ അവർ കൊടുത്ത ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. മക്കൾ തിരിച്ചെത്തിയില്ലെന്ന അമ്മ പറഞ്ഞു. തുടർന്ന് പിതാവ് ഫിലിപ്പിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിൽ എത്തി. പോലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെ വാവതുറൈ ഭാഗത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവന്ന മത്സ്യത്തൊഴിലാളികളാണ് കടൽത്തീരത്തിനടുത്ത് മൃതദേഹങ്ങൾ കണ്ടത്. ബന്ധുക്കൾ അത് തിരിച്ചറിഞ്ഞു. തിരമാലയിൽപ്പെട്ട് മരിച്ചതാണോ മറ്റെന്തെങ്കിലുമാണോ എന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അമേരിക്കയിൽ സെറ്റിൽഡ് ആയിരുന്നു സഹോദരിമാർ.
