തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിനു സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. 26-ാം തീയതിവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. തുടർന്ന് അന്തിമ ചിത്രം തെളിയും. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.
സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കാൻ
വിധിയെഴുതുന്നത്.
