കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നേടിയെടുക്കാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമിക്കണം:കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

പൊടിമറ്റം (കാഞ്ഞിരപ്പള്ളി):  കാര്‍ഷിക മേഖലകളില്‍ കുറവുകള്‍ ഉണ്ടാകാം പക്ഷേ, അറിവുകള്‍ വേണമെങ്കില്‍ കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന വകുപ്പ് സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടന്ന കര്‍ഷക സംഗമം – ഭൂമിഗീതം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നേടിയെടുക്കാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമിക്കണം. ഇത് കര്‍ഷകര്‍ക്കുള്ള ഔദാര്യമല്ല അവകാശമാണ്. കൃഷിയില്ലാതെ കിടക്കുന്ന തോട്ടങ്ങളാണ് വന്യജീവികള്‍ കൈയേറുന്നത്. ഇതിന് മാറ്റം വരുവാന്‍ കൃഷി വ്യാപിക്കേണ്ടതുണ്ട്. അതിനായി ഇന്‍ഫാം ചെയ്യുന്ന കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സ്ത്രീകളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിച്ച ഇന്‍ഫാമിനെ അഭിനന്ദിക്കുന്നതായും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.ഇന്‍ഫാം എന്നത് ഉന്നതമായൊരു ദര്‍ശനം മനസില്‍ സൂക്ഷിച്ചുകൊണ്ട് മുന്നേറുന്ന കര്‍ഷക പ്രസ്ഥാനമാണെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.  ഭൂമിയോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നവര്‍, സഹകരിച്ച് മുന്നേറുന്നവര്‍, വൃക്ഷാവരണം ഉണ്ടാക്കുന്നവര്‍ കര്‍ഷകരാണ്. നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരെ ആദരിക്കാനുള്ള കടമ കേന്ദ്ര, സംസ്ഥാനങ്ങള്‍ക്കുണ്ട്. ആവാസ വ്യവസ്ഥ പൂര്‍ണമാകണമെങ്കില്‍ മനുഷ്യന്‍ വേണം. വന്യമൃഗ സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണം. മൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കാനും മനുഷ്യര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാകണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.മനുഷ്യരാണ് ജനപ്രതിനിധികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത്, മൃഗങ്ങള്‍ അല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോതമംഗലം രൂപതാധ്യക്ഷനും കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. ഇവിടെ മനുഷ്യര്‍ക്കാണോ മൃഗങ്ങള്‍ക്കാണോ പ്രാധാന്യമെന്ന് ചിന്തിക്കണം. ജനപ്രതിനിധികള്‍ മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളണം. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയെ മാത്രമെ ജനങ്ങള്‍ അംഗീകരിക്കൂ. കര്‍ഷകരാണ് ഭൂമിയെ സജീവമാക്കുന്നത്. കര്‍ഷകര്‍ക്ക് ശരിയായ രീതിയിലുള്ള പ്രാമുഖ്യം കൊടുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ നാടിന് നന്മയുണ്ടാകൂ എന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.ജിയോളജിക്കല്‍ സിംഫണിയെയും ബയോളജിക്കല്‍ സിംഫണിയെയും സംയോജിപ്പിച്ച് അഗ്രിക്കള്‍ച്ചറല്‍ സിംഫണി രൂപപ്പെടുത്തി ഭൂമിഗീതം ആലപിക്കുന്ന കര്‍ഷകരാണ് യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരെന്ന് യോഗത്തില്‍ ആമുഖപ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.   വെള്ളിത്തുട്ടുകളുടെ തിളക്കം കണ്ട് പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ് ശബ്ദകോലാഹലങ്ങളിലൂടെ അന്തരീക്ഷ മലിനീകരണം നടത്തുന്ന കപട പരിസ്ഥിതിവാദികളെപ്പോലെയല്ല കര്‍ഷകരുടെ പരിസ്ഥിതി  സംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇ.എസ്. ബിജിമോള്‍ എക്‌സ് എംഎല്‍എ, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, ഇന്‍ഫാം മഹിളാസമാജ് പ്രസിഡന്റ് ജയമ്മ ജേക്കബ് വളയത്തില്‍, ഇന്‍ഫാം മഹിളാസമാജ് വൈസ് പ്രസിഡന്റ് ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.ഫോട്ടോ…..ഇന്‍ഫാം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടന്ന കര്‍ഷക സംഗമം – ഭൂമിഗീതം കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന വകുപ്പ് സഹമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ആന്റോ ആന്റണി എംപി, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ, ജോയി തെങ്ങുംകുടി, ഫാ. തോമസ് മറ്റമുണ്ടയില്‍, മാത്യു മാമ്പറമ്പില്‍, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ സമീപം.

2 thoughts on “കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം നേടിയെടുക്കാന്‍ കര്‍ഷകര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശ്രമിക്കണം:കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!