കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ ഭാഷ്യം ചമച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്.
1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനുശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.
പ്രിയദർശൻ സംവിധാനംചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ ആണ് തിരക്കഥാകൃത്തെന്ന നിലയിൽ ആദ്യചിത്രം. അരം + അരം കിന്നരം, ബോയിങ് ബോയിങ്, മുത്താരംകുന്ന് പി.ഒ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി.പി. ബാലഗോപാലൻ എം.എ, നാടോടിക്കാറ്റ്, മകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, പട്ടണപ്രവേശം, വെള്ളാനകളുടെ നാട്, വരവേൽപ്പ്, അക്കരെ അക്കരെ അക്കരെ, തലയണമന്ത്രം, സന്ദേശം, അഴകിയ രാവണൻ, അയാൾ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻ മാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചു.
അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച കാഥികൻ സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. പിന്നീട് തിരക്കഥാകൃത്തായും നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു അദ്ദേഹം.
മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തിയ ചിത്രങ്ങളെല്ലാം മലയാളികൾ സ്വീകരിച്ചു. ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇരുവരുടേയും. നാടോടിക്കാറ്റ്, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ, വരവേൽപ്പ്, മിഥുനം തുടങ്ങി ഉദയനാണ് താരം വരെ ഒരുപടി സിനിമകളിൽ ഇരുവരും ഒന്നിച്ചു. സംവിധായകന്മാരായ സത്യൻ അന്തിക്കാടിനും പ്രിയദർശനുമൊപ്പമുള്ള കൂട്ടുകെട്ടുകളും കൊണ്ടാടപ്പെട്ടു.