ലെയോ പതിനാലാമൻ പാപ്പയുടെ പേരില്‍ വ്യാജ വീഡിയോകള്‍; ചാനലിന് വിലക്കിട്ട് യൂട്യൂബ്

ന്യൂയോര്‍ക്ക്/ വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരില്‍ വ്യാജ പ്രചരണവും ഊഹാപോഹങ്ങളും നിറച്ചു നിർമ്മിത ബുദ്ധി ഉപയോഗിച്ചു വീഡിയോ തയാറാക്കിയ യൂട്യൂബ് ചാനലിന് വിലക്ക്. ലെയോ പാപ്പ മുന്‍പ് ഒരിക്കലും പറയാത്ത കാര്യങ്ങൾ ഔദ്യോഗികമായി തോന്നിപ്പിക്കുന്ന വിധത്തില്‍ തയാറാക്കിയ എ‌ഐ വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. ലെയോ പതിനാലാമൻ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂവെങ്കിലും പാപ്പയുടെ പേരില്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കുന്നത് കൂടിവരികയാണ്. ഇതിനിടെയാണ് വ്യാപക കുപ്രചരണം നടത്തിയ “Pope Leo XIV’s Sermons” എന്ന ചാനലിന് യൂട്യൂബ് വിലക്കിട്ടത്.

സ്പാം, വഞ്ചനാപരമായ രീതികൾ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ നയങ്ങൾ ലംഘിച്ചതിന് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് യൂട്യൂബ് വക്താവ് ജാക്ക് മാലോൺ ഇന്നലെ കത്തോലിക്ക മാധ്യമമായ ‘അലീറ്റിയ’യോട് പറഞ്ഞു. വിലക്ക് ഏര്‍പ്പെടുത്തിയ ചാനലിന് മെയ് 21 ബുധനാഴ്ച വരെ ഏകദേശം ഒരു ദശലക്ഷം കാഴ്‌ചകളും ഉണ്ടായിരുന്നു. എഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോകളാണ് ഇവയെല്ലാം. പ്രസിദ്ധീകരിച്ച വീഡിയോയില്‍ ഒന്നില്‍ പോലും യാഥാര്‍ത്ഥ്യം ഇല്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബ് നടപടി.

ഇതിനിടെ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയുടെ പ്രസിഡന്റിനെ ലെയോ പാപ്പ അഭിസംബോധന ചെയ്തതായി പറയപ്പെടുന്ന 36 മിനിറ്റ് ദൈർഘ്യമുള്ള വ്യാജ വീഡിയോ പ്രചരണത്തെ അപലപിച്ചു വത്തിക്കാന്‍ രംഗത്തെത്തി. 36 മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ഒരു വീഡിയോയാണ് പാൻ ആഫ്രിക്കൻ ഡ്രീംസ് (Pan African dreams) എന്ന അക്കൗണ്ടിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടത്. മെയ് 12-ന് ലെയോ പതിനാലാമൻ പാപ്പ മാധ്യമപ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ നിർമ്മിത ബുദ്ധിയുപയോഗിച്ച് മോർഫ് ചെയ്താണ് പാപ്പയുടെ പേരിൽ വ്യാജവീഡിയോ നിർമ്മിച്ചത്.

നിർമ്മിത ബുദ്ധി ഉപയോഗിച്ചും, മോർഫിംഗ് പോലെയുള്ള മറ്റ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയും ഇതുപോലെയുള്ള വ്യാജവീഡിയോകളും ചിത്രങ്ങളും അർദ്ധസത്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, ലെയോ പതിനാലാമൻ പാപ്പയുടെ പ്രഭാഷണങ്ങൾക്കും, കൂടിക്കാഴ്ചകൾക്കും രേഖകൾക്കുമായി വിവിധ ഭാഷകളിലുള്ള വത്തിക്കാന്റെ വെബ്സൈറ്റും (vatican.va), ഔദ്യോഗിക മാധ്യമങ്ങളും ഉപയോഗിക്കണമെന്ന് വത്തിക്കാന്‍ മീഡിയ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!