ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി മൂന്നാര്‍: പ്രഖ്യാപനം ഡിസംബറിൽ

അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനാകാനൊരുങ്ങി വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ മൂന്നാര്‍. മൂന്നാറിലെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരവും ഉത്തരവാദിത്വ പൂര്‍ണ്ണമാക്കാന്‍ മൂന്നാറിനെ ഒരു നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കും. അതിനായി മൂന്നാറില്‍ വിവിധ റെസ്‌പോണ്‍സിബിള്‍ ടൂറിസം പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി 2025 ഡിസംബര്‍ മാസാവസാനത്തോടെ മൂന്നാറിനെ അന്താരാഷ്ട്ര ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതി നടപ്പിലാക്കും. അതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അതിന്റെ ഭാഗമായി ‘സുസ്ഥിര അതിജീവന വിനോദസഞ്ചാരകേന്ദ്രങ്ങള്‍’ എന്ന പദ്ധതിയില്‍പ്പെടുത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ടൂറിസം വകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചു.

ഏതൊരു പ്രദേശത്തെയും പാരിസ്ഥിതികവും സാമൂഹിക സാംസ്‌കാരികവുമായ പ്രത്യേകതകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട്് പ്രാദേശിക സമൂഹത്തിന്റെ ക്ഷേമത്തിനുള്ള ഒരു ഉപാധിയായി ടൂറിസത്തെ മാറ്റും. പ്രദേശവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി ആ പ്രദേശത്തെ നിലനിര്‍ത്തി വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനുതകുന്ന ഒരു സ്ഥലമായി ആ പ്രദേശത്തെ മാറ്റുകയുമാണ് ഉത്തരവാദിത്വ ടൂറിസം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഉത്തരവാദിത്വ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എന്‍.ഡി.പി.യുടെ ഐ.എച്ച്.ആര്‍.എം.എല്‍. പദ്ധതിയില്‍ മൂന്നാറിനും പരിസര പ്രദേശങ്ങള്‍ക്കുമായി മുന്‍ ഉത്തരവാദിത്ത ടൂറിസം മിഷനായ കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി ഹില്‍ ടൂറിസം കേന്ദ്രങ്ങള്‍ക്കുള്ള ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റു ടൂറിസം സ്‌റ്റേക്ക് ഹോള്‍ഡര്‍മാരുടെയും സഹകരണത്തോടെ ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ഈ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുക വഴി പ്രദേശത്തെ സുസ്ഥിരവും ഉത്തരവാദിത്ത പൂര്‍ണ്ണവുമായ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാനാകും. മൂന്നാറിലും സമീപ പഞ്ചായത്തുകളിലും വിവിധ പദ്ധതികള്‍ വഴി കേരളത്തിലെ റെസ്‌പോണ്‍സിബിള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്്. ഇത്തരത്തിലുള്ള പദ്ധതികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടപ്പിലാക്കുക വഴി പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ക്രമീകരിക്കാനാവും.

പദ്ധതിയിലൂടെ മൂന്നാര്‍ ആര്‍ ടി സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റ്, ട്രെയിനിംഗ് സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സ്, ട്രെയിനിംഗ് ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ്, ട്രെയിനിംഗ് ലോക്കല്‍ ഗൈഡ്‌സ് (കമ്മ്യൂണ്‍റ്റി ടൂര്‍ ലീഡേഴ്‌സ്), സൈനേജസ് അല്ലെങ്കില്‍ ബോര്‍ഡ്‌സ്, ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആര്‍.ടി. സര്‍ട്ടിഫിക്കറ്റ്, മൂന്നാര്‍ ആര്‍.ട.ി ബ്രൗഷര്‍, പ്ലാസ്റ്റിക് ഫ്രീ ഡെസ്റ്റിനേഷന്‍, യൂണിറ്റ് രജിസ്‌ട്രേഷന്‍ ഡ്രൈവ്, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ് രൂപീകരണം, ഡെസ്റ്റിനേഷന്‍ ഡിക്ലറേഷന്‍ പ്രോഗ്രാം, വീഡിയോ ഡോക്കുമെന്റേഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തും.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക, കാര്‍ബണ്‍ രഹിത ടൂറിസം നടപ്പാക്കുക, സ്ത്രീ സൗഹൃദ ടൂറിസം നടപ്പാക്കുക, ഗ്രാമാധിഷ്ഠിത വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം മൂന്നാറിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുവാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ ഭക്ഷണം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. കേരളത്തിലെ പ്രധാന ഹില്‍ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍. നിലവില്‍ മൂന്നാറിലെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗവും ഉപജീവനോപാധിയുമാണ് ടൂറിസം. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ പ്രത്യേകതകളും മനോഹരമായ ഭൂപ്രകൃതിയും ആകര്‍ഷകമായ കാലാവസ്ഥയുമാണ് മൂന്നാറിന്റെ ടൂറിസം വികസനത്തിന്റെ അടിസ്ഥാനം. മൂന്നാറും ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. കേരളത്തില്‍ നിന്നുള്ള ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനും ആഭ്യന്തരടൂറിസ്റ്റുകളും ദേശീയ ടൂറിസ്റ്റുകളും ഏറ്റവുമധികം വന്നുപോകുന്ന ടൂറിസം കേന്ദ്രവും മൂന്നാറാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!