കോട്ടയം :അഞ്ചുജീവിതങ്ങൾക്ക് ജീവനേകി അകാലത്തിൽ മണ്മറഞ്ഞ “കുഞ്ഞുമാലാഖ” മല്ലപ്പള്ളി വാലുമണ്ണിൽ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം നാളെ നടക്കും .മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകൾ ആലിൻ ഷെറിൻ എബ്രഹാമിന്റെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 7.45 ന് GMM ആശുപത്രിയിൽ നിന്നും ഭവനത്തിൽ എത്തിക്കുന്നതും 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി ദൈവാലയത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 3. 30 pm ന് ദൈവാലയത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും ആണ് .നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് സംസ്കാരം .മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ അരുണും അമ്മ ഷെറിനും എടുത്ത തീരുമാനം നാടിനാകെ മാതൃകയായി. മകളുടെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമാകാൻ അവർ കാണിച്ച മനസ്സിനെ കേരളം ഒന്നടങ്കം ആദരിക്കുകയാണ്.സംസ്ഥാന ഗവർണറും മുഖ്യമന്ത്രിയും എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംഘടനകളും ആലിന്റെ പിതാവും മാതാവും എടുത്ത തീരുമാനത്തെ അഭിനന്ദിക്കുകയാണ് .കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ആലിന്റെ അവയവങ്ങളുമായി പുറപ്പെട്ട ആംബുലൻസ് 200 കിലോമീറ്ററിലധികം ദൂരം വെറും 3 മണിക്കൂർ 17 മിനിറ്റ് കൊണ്ട് താണ്ടിയാണ് തിരുവനന്തപുരത്തെത്തിച്ചത്.ആലിന്റെ കരള്‍ അവിടെ ആറ് മാസം പ്രായമായ കുഞ്ഞിനു വേണ്ടിയാണ് കൊണ്ടുവന്നത്.ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവായി ആ കുഞ്ഞ് മറ്റൊരു ചരിത്രം കുറിച്ചു. കുട്ടിയുടെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ള പതിനൊന്ന് വയസുകാരന് ജീവിതത്തിലെ പുതുനാമ്പായി. 10.40ന് ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് ദൗത്യം പൂര്‍ത്തിയാക്കി.നേത്ര പടലങ്ങളും ഹൃദയ ധമനിയും ആര്‍ക്കാണ് നല്കേണ്ടതെന്നതില് തീരുമാനമായിട്ടില്ല. അവയുടെ സ്വീകര്‍ത്താവും എത്തുന്നതോടെ ആലിന് ഇനി ആ അഞ്ചു പേരിലൂടെ ജീവിക്കും.പത്തു മാസം പ്രായമായ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ മരണം മല്ലപ്പള്ളി നാടിന്റെ വേദനയായി. പൊതുജന സേവനത്തിൽ സജീവ സാന്നിധ്യമാണ് ആലിന്റെ പിതാവ് മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ അരുൺ ഏബ്രഹാം.അക്ഷയ സെന്ററിലൂടെയും അരുൺ ഉൾപ്പെടുന്ന സിഎസ്ഐ സഭയിലൂടെയും ഒട്ടേറെ സുഹൃദ്ബന്ധത്തിന് ഉടമയുമായ അരുണിന്റെ ഏകമകൾ ആലിന്റെ മരണം നാട്ടുകാരെയും ദു:ഖത്തിലാഴ്ത്തി. പൊതുപ്രവർത്തനത്തിലൂടെ സമൂഹവുമായി രൂപപ്പെടുത്തിയ ആഴമേറിയ ബന്ധം തന്നെയാണ് തന്റെ മകൾ യാത്രയായെങ്കിലും അവയവങ്ങൾ ദാനം ചെയ്യാൻ അരുണിനു പ്രേരണയായത്.ചെങ്ങരൂർ മാർ സേവേറിയോസ് ബിഎഡ് കോളജിലെ അധ്യാപികയായിരുന്നു ആലിന്റെ മാതാവ് ഷെറിൻ ആൻ ജോൺ. മല്ലപ്പള്ളി പഞ്ചായത്ത് അംഗവും 2016–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അരുണിന്റെ പിതാവ് മാധ്യമ പ്രവർത്തകൻ കൂടിയായ റെജി സാമുവൽ.
