പച്ചമലയാളം കോഴ്‌സ് രജിസ്‌ട്രേഷൻ തുടങ്ങി

കോട്ടയം: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം കോഴ്സിലേക്ക് ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാം. മലയാളം മീഡിയത്തിൽ പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവർക്കും കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 17 വയസ് പൂർത്തിയാകണം. ഒരുവർഷം ദൈർഘ്യമുള്ള  കോഴ്സാണ് പച്ചമലയാളം.  ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ്ഡ് കോഴ്സ് എന്നിങ്ങനെയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്
നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്  രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന രീതിയിൽ പരിഷ്‌കരിച്ചാണ് പുതിയ കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചത്. പച്ചമലയാളം അടിസ്ഥാന കോഴ്‌സ്, പച്ചമലയാളം അഡ്വാൻസ്ഡ് കോഴ്സ് എന്നിങ്ങനെ  ഒരുവർഷം ദൈർഘ്യമുള്ള രണ്ടു കോഴ്‌സായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിലാണ് പരിഷ്‌കരിച്ചത്.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്‌സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാ കോഴ്സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമായതിനാലാണ് ഈ കോഴ്സിന്റെ പരിഷ്‌കരണം നടത്തിയത്.
60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം  അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകൾ. ഞായറാഴ്ചകളിൽ കോട്ടയം മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സമ്പർക്ക പഠനക്ലാസ് ഉണ്ടായിരിക്കും.അടിസ്ഥാനകോഴ്‌സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ്ഡ് കോഴ്സിൽ ചേർന്ന് പഠിക്കാം. ആറ് മാസമാണ് അടിസ്ഥാന കോഴസിന്റെ കാലാവധി. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. വിശദവിവരങ്ങൾക്ക്  04812302055 എന്ന നമ്പരിൽ വിളിയ്ക്കുകയോ 9947528616 എന്ന നമ്പരിലേയ്ക്ക് വാട്‌സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാവുന്നതാണെന്ന് സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു. വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാർ വഴി രജിസ്‌ട്രേഷൻ നടപടികൾ ചെയ്യാം. http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ  രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!