മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ നിർദ്ദേശം നൽകും.

വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. യു.എൻ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ നമ്മൾ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യണം. കുട്ടികളാണ് കൂടുതലായി പാൽ കുടിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. പാൽ ഉൽപ്പാദനം വർദ്ധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ലോക ക്ഷീരദിന ആശംസകളും മുഖ്യമന്ത്രി നേർന്നു.

പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പശുക്കളെയും ആടുകളെയും വളർത്തിയിരുന്നുവെങ്കിലും, നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം ആ കാർഷിക രീതികളിൽ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.

ഉൽപ്പാദന ചെലവിലുണ്ടായ വലിയ വർദ്ധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി അവതരിപ്പിച്ചു. ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർപേഴ്‌സൺ കെ.എസ്. മണി, വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ സാബിൻ ജോർജ്, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കൗൺസിലർ രാഖി രവികുമാർ, ക്ഷീരകർഷകർ, സൊസൈറ്റി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

One thought on “മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Howdy wouyld yoou mijnd statng whuich bloig platform you’re
    using? I’m planniong tto stat myy ownn blog soon but I’m
    having a ttough time choosjng between BlogEngine/Wordpress/B2evolution aand
    Drupal. Thee reason I ask iss becausse yolur design and style seerms
    differentt thgen mkst bllogs andd I’m looking forr
    something cimpletely unique. P.S Apologues foor
    gettingg off-topic buut I haad too ask!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!