ഉടുമ്പന്‍ഞ്ചോല ;കെട്ടിടം ക്രമവല്‍ക്കരിച്ച് നല്‍കി നികുതി അടയ്ക്കുന്നതിന് 50,000/ രൂപ കൈക്കൂലി വാങ്ങിയ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവര്‍സിയറും ഉടുമ്പന്‍ഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള ഇടുക്കി സേനാപതി സ്വദേശിയായ വിഷ്ണു.എച്ച് നെ വിജിലന്‍സ് ഇന്ന് (20/12/2025) കൈയ്യോടെ പിടികൂടി.
ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല സ്വദേശിയായ പരാതിക്കാരന്‍ ചതുരംഗപ്പാറ വില്ലേജില്‍ വാങ്ങിയ വസ്തുവില്‍ നിലവിലുണ്ടായിരുന്ന കടമുറി വിപുലീകരിയ്ക്കുന്നതിന് പ്ലാന്‍ തയ്യാറാക്കി ഉടുമ്പന്‍ഞ്ചോല ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കെട്ടിടത്തിന്റെ റോഡില്‍ നിന്നുള്ള അകലത്തില്‍ അവ്യക്തതയുള്ളതിനാല്‍ അപാകതകള്‍ പരിഹരിച്ച് അപേക്ഷ വീണ്ടും സമര്‍പ്പിയ്ക്കാന്‍ പഞ്ചായത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയ എന്‍ജിനിയര്‍ പ്ലാനിലെ അപാകതകള്‍ പരിഹരിച്ച ശേഷം പഞ്ചായത്തിലെ ഓവര്‍സിയറായ വിഷ്ണുവിനെ നേരില്‍ കണ്ടിരുന്നു. ആ സമയം കെട്ടിടത്തിന്റെ കൂടുതലായി നിര്‍മ്മിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം റെഗുലറൈസ് ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയെന്നും അപ്പോള്‍ കെട്ടിട നികുതി സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ചെയ്ത് നല്‍കാമെന്നും ഇതിനായി 50,000/- രൂപ കൈക്കൂലി നല്‍കണമെന്നും ഓവര്‍സിയര്‍ വിഷ്ണു ആവശ്യപ്പെട്ടിരുന്നു. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം പരാതിക്കാരന്‍ ഓവര്‍സിയറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെട്ടിടം പരിശോധിച്ച് പഞ്ചായത്തിലെ കാര്യങ്ങള്‍ ശരിയാക്കി നല്‍കുന്നതിന് 50,000/- രൂപ ഇന്ന് (20-12-2025) നേരിട്ട് കൈമാറണമെന്ന് വിഷ്ണു പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി നല്‍കി കാര്യം സാധിക്കാന്‍ താല്‍പര്യമില്ലാത്ത പരാതിക്കാരന്‍ ഈ വിവരം ഇടുക്കി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ പാമ്പാടുംമ്പാറ പഞ്ചായത്തിലെ ഓവര്‍സിയറും ഉടുമ്പന്‍ഞ്ചോല പഞ്ചായത്തിന്റെ അധിക ചുമതലയുമുള്ള വിഷ്ണു.എച്ച് നെ കെട്ടിട പരിശോധനയ്ക്ക് എത്തി പരാതിക്കാരനില്‍ നിന്നും 50,000/- കൈക്കൂലി വാങ്ങവെ വിജിലന്‍സ് ഇന്ന് (20/12/2025) കൈയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഈ വര്‍ഷം നാളിതുവരെ 55 ട്രാപ്പ് കേസുകളില്‍ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉള്‍പ്പെടെ 74 പ്രതികളെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഇതില്‍ 19 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകള്‍ ഉള്ള തദ്ദേശസ്വയംഭരണ വകുപ്പും, 6 കേസുകള്‍ ഉള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെ. എസ്. ഇ. ബി യിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 12 ട്രാപ്പ് കേസുകളുമാണ് 2025-ല്‍ വിജിലന്‍സ് ഇതുവരെ പിടിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്‌സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യര്‍ത്ഥിച്ചു
