കാഞ്ഞങ്ങാട്: നാളികേര കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് തേങ്ങവിലയിൽ ഇടിവ്. നവംബറിന്റെ തുടക്കത്തിൽ കിലോക്ക് 70 രൂപയുണ്ടായിരുന്ന വിലയാണ് പടിപടിയായി 17 രൂപ താഴ്ന്ന് വെള്ളിയാഴ്ച 53-ലെത്തിയത്. നവംബർ പകുതിയോടെയാണ് വിലയിൽ ഇറക്കം തുടങ്ങിയത്. നവംബറിൽ വില അഞ്ച് രൂപ കുറഞ്ഞ് 65-ലെത്തിയിരുന്നു. നവംബർ 30-ന് വീണ്ടും മൂന്നുരൂപ കുറഞ്ഞ് 62-ലെത്തിയ വില ഡിസംബറിന്റെ തുടക്കത്തിൽ വീണ്ടും ആറ് രൂപകുറഞ്ഞ് 56-ലെത്തി. കഴിഞ്ഞദിവസം വീണ്ടു മൂന്നുരൂപ കുറഞ്ഞ് 53-ലേക്ക് താഴ്ന്നു.
ജൂൺ അവസാനത്തോടെയാണ് വിലയിൽ ഗണ്യമായ മാറ്റം സംഭവിച്ചത്. ജൂൺ അവസാനവാരം 57-ൽനിന്ന് 67-ലേക്കുയർന്ന വില ദിവസങ്ങൾക്കുള്ളിൽ 75 രൂപയിലെത്തുകയായിരുന്നു. തേങ്ങ വിലയിടിവ് വെളിച്ചെണ്ണയുടെ വിലയിൽ പ്രതിഫലിച്ചുതുടങ്ങിയത് അടുക്കളകൾക്ക് ആശ്വാസമായി. നവംബറിൽ ഒരു കിലോ വെളിച്ചെണ്ണവില 400 രൂപയായിരുന്നു. നിലവിൽ 15 രൂപ കുറഞ്ഞ് 370-ലെത്തിയിട്ടുണ്ട്. ലിറ്റർ വില 350-360-ലേക്കും താഴ്ന്നു.
നമ്മുടെ നാട്ടിൽ ഉദ്പാദിപ്പിക്കപ്പെടുന്ന തേങ്ങ പ്രധാനമായും തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. നിലവിൽ അയൽ സംസ്ഥാനങ്ങളിൽ തേങ്ങ ഉദ്പാദനം കൂടിയതോടെ കേരളത്തിൽ നിന്നുള്ള തേങ്ങയ്ക്ക് ഡിമാൻഡ് കുറഞ്ഞതാണ് വിലയിടിവ് ഇടയാക്കിയെതെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്.
ഈ വർഷം തുടക്കത്തിൽ വെളിച്ചെണ്ണ വില 265 രൂപയായിരുന്നു. സാധാരണനിലയിൽ തേങ്ങവിലയിലെ ഇടിവ് വെളിച്ചെണ്ണവിലയിൽ പ്രതിഫലിക്കുന്നതിന് കൂടുതൽ ദിവസമെടുക്കാറുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.