ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടും- ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ കുടിശ്ശികയും പുതുക്കിയ ക്ഷേമ പെന്‍ഷനും ചേര്‍ത്ത് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം ആരംഭിക്കുകയാണ്. അതിനോടൊപ്പമാണ് നേരത്തെ ഉണ്ടായ കുടിശ്ശികയിലെ അവസാന ഗഡുവും ലഭിക്കുന്നത്.

നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. വര്‍ധിപ്പിച്ച പെന്‍ഷന്‍ വിതരണത്തിന് 1042 കോടി രൂപയും, ഒരു ഗഡു കുടിശ്ശിക വിതരണത്തിന് 824 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുകുകയാണെന്നും ധന മന്ത്രി വ്യക്തമാക്കി.

പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം സമയബന്ധിതമായി നല്‍കുമെന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര സര്‍ക്കാര്‍ നയ സമീപനങ്ങളുടെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനം നേരിടേണ്ടിവന്ന കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിലാണ് ക്ഷേമ പെന്‍ഷന്‍ അഞ്ചു ഗഡു കുടിശികയായത്. അവയുടെ വിതരണത്തിനായുള്ള സമയക്രമം 2024 ജൂലൈയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. അത് അനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുടിശികയുടെ രണ്ടു ഗഡുക്കള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയില്‍ തന്നെ ബാക്കിയുള്ളതില്‍ രണ്ടു ഗഡുക്കളുടെയും വിതരണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അവസാന ഗഡു കുടിശ്ശികയും നല്‍കുന്നത്’മന്ത്രി പറഞ്ഞു.

ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതമുള്ളത് 8.46 ലക്ഷം പേര്‍ക്കുമാത്രമാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ശരാശരി 300 രൂപവരെയാണ് വ്യക്തികള്‍ക്ക് ലഭിക്കുന്നത്. ഇതിലും 400 കോടിയില്‍ അധികം രൂപ കേരളത്തിന് തരാനുണ്ട്. ഈ തുക കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

3 thoughts on “ഒരു മാസത്തെ കുടിശ്ശികയടക്കം നവംബറില്‍ 3600 രൂപ ക്ഷേമ പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടും- ധനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!