പാലിയവും മുക്കുവന്റെ മോതിരവും സ്വീകരിച്ചു; ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ പ്രാര്‍ത്ഥനാനിര്‍ഭരം

വത്തിക്കാന്‍ സിറ്റി: നേരിട്ടും മാധ്യമങ്ങളിലൂടെയും ലക്ഷകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണം നടന്നു. പൗരസ്ത്യ സഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്‌തതിനുശേഷമാണ് പാപ്പ പ്രദക്ഷിണമായി ബലിവേദിയിലെത്തിയത്. വിശുദ്ധ കുർബാനയ്ക്കിടയിൽ ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനു ശേഷം മാർപാപ്പ പാലിയവും മോതിരവും സ്വീകരിക്കുന്ന ചടങ്ങ് നടന്നു.

ചടങ്ങിന്റെ ഭാഗമായി പാലിയവും “മുക്കുവൻറെ മോതിരവും” പാപ്പ സ്വീകരിച്ചു. കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിൻ രോമത്താൽ നിർമ്മിതവും, കഴുത്തു ചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിൻറെ മദ്ധ്യഭാഗത്തു കൂടെ മുന്നോട്ടു നീണ്ടു കിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും പാപ്പ സ്വീകരിച്ചു. സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേല്പിക്കപ്പെട്ട ദൗത്യത്തെ, പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിൻറെ മൂല്യമുള്ള, “വലിയ മുക്കുവൻറെ മോതിരവും” പാപ്പ സ്വീകരിച്ചു. ബിഷപ്പ് കര്‍ദ്ദിനാളായ ലൂയിസ് ടാഗ്ലെയാണ് ഇത് നിര്‍വ്വഹിച്ചത്.

“യാതൊരു യോഗ്യതയുമില്ലാതെ” കോൺക്ലേവിൽ താൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ലെയോ പതിനാലാമൻ പാപ്പ സന്ദേശത്തില്‍ പറഞ്ഞു. സ്വയം പിൻവാങ്ങാത്ത, ഐക്യമുള്ള, മിഷ്ണറി സ്വഭാവമുള്ള ഒരു സഭയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. “ഒരു യോഗ്യതയുമില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്, ഭയത്തോടും വിറയലോടും കൂടി, നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും ദാസനാകാൻ ആഗ്രഹിക്കുന്ന ഒരു സഹോദരനായി ഞാൻ നിങ്ങളുടെ മുമ്പിൽ വരുന്നു, നമ്മളെല്ലാവരും ഒരു കുടുംബത്തിൽ ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ദൈവസ്നേഹത്തിന്റെ പാതയിൽ നിങ്ങളോടൊപ്പം നടക്കുന്നു”- പാപ്പ പറഞ്ഞു.

സ്നേഹവും” “ഐക്യവും” യേശു പത്രോസിനെ ഏൽപ്പിച്ച ദൗത്യത്തിന്റെ രണ്ട് മാനങ്ങളാണെന്നും ഐക്യ സഭ, അനുരഞ്ജന ലോകത്തിനായുള്ള പുളിമാവ് ആണെന്നും പറഞ്ഞു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മെയ് 10 ശനിയാഴ്ച ലെയോ പതിനാലാമൻ തന്റെ ആദ്യ അപ്രതീക്ഷിത സന്ദർശനത്തിനായി എത്തിയ ജെനാസാനോയിലെ മരിയൻ ദേവാലയത്തിൽ നിന്നുള്ള ഔവർ ലേഡി ഓഫ് ഗുഡ് കൗൺസലിന്റെ ചിത്രം അൾത്താരയ്ക്ക് വളരെ അടുത്തായി സ്ഥാപിച്ചിരിന്നു. ഇത് അനേകരുടെ ശ്രദ്ധാകേന്ദ്രമായി. സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോക രാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!