പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്.
ദില്ലി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.
കെ സുധാകരനെ അനുകൂലിച്ച് കാസർകോട് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചു. ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററിൽ ഉള്ളത്.”കോൺഗ്രസ് പോരാളികൾ ‘എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.
നിലവിലെ യുഡിഎഫ് കൺവീനർ എം.എം.ഹസ്സനെയും കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. വർക്കിങ് പ്രസിഡന്റായി നിയമിതനായ പി.സി.വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ.അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
തൊടുപുഴയിൽനിന്ന് ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു കുടുംബം. കെഎസ്യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി. തരക്കേടില്ലാതെ വോളിബോൾ കളിക്കും.
നിയമസഭയിലേക്ക് ആദ്യ മത്സരം പേരാവൂരിൽ 2011ൽ. സിറ്റിങ് എംഎൽഎ കെ.കെ.ശൈലജക്കെതിരെ ജയം. 2016ലും 2021ലും ഇവിടെ ജയം ആവർത്തിച്ചു. നിയമബിരുദധാരി. നിയമം പഠിച്ചത് കോടതിയെക്കാൾ പ്രയോജനപ്പെട്ടതു നിയമസഭാ ചർച്ചകൾക്കിടെയുള്ള വാദപ്രതിവാദത്തിൽ. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എൽസി ജോസഫ്. മക്കൾ ആശ റോസ്, ഡോ.അഞ്ജു റോസ്.
