ഒരേ സമയം 16000ത്തോളം ഭക്തജനങ്ങള്‍ക്ക് വിരി വയ്‌ക്കാനുള്ള സൗകര്യം സജ്ജീകരിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്……

പമ്പ : മണ്ഡലമകരവിളക്ക് മഹോത്സവ കാലത്ത് പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരി വയ്‌ക്കാനുള്ള വിപുലമായ സൗകര്യം സജ്ജീകരിച്ചെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലയ്‌ക്കലില്‍ ടാറ്റയുടെ അഞ്ച് വിരി ഷെഡിലായി 5000 പേര്‍ക്ക് വിരി വയ്‌ക്കാനാകും. മഹാദേവക്ഷേത്രത്തിന്റെ നടപന്തലില്‍ ആയിരം പേര്‍ക്കാണ് വിരിവയ്‌ക്കാനുള്ള സൗകര്യം.

നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് സമീപം 3000 പേര്‍ക്ക് കൂടി വിരിവയ്‌ക്കുവാന്‍ ഉള്ള ജര്‍മന്‍ പന്തല്‍ ഒരുക്കി.ഇതോടൊപ്പം പമ്പയില്‍ പുതുതായി നാലു നടപ്പന്തലുകള്‍ കൂടി ക്രമീകരിക്കുന്നതോടെ 4000 പേര്‍ക്ക് വരിനില്‍ക്കാനുള്ള സൗകര്യം ലഭിക്കും. രാമമൂര്‍ത്തി മണ്ഡപത്തിന് പകരം 3000 പേര്‍ക്ക് കൂടി വിരിവയ്‌ക്കാനാകുന്ന താല്‍ക്കാലിക സംവിധാനം ഒരുക്കുന്നത് ഭക്തജനങ്ങള്‍ക്ക് സുഗമമായി വിരിവയ്‌ക്കല്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. വരി നില്‍ക്കുന്ന ഭക്തര്‍ക്ക് ബാരിക്കേഡുകള്‍ക്കിടയിലെ പൈപ്പ് വഴി ചൂടുവെള്ളം എത്തിക്കും. വരി നില്‍ക്കുന്നവര്‍ക്ക് കിയോസ്‌കുകള്‍ വഴി ചൂടുവെള്ളം നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ശരംകുത്തി മുതല്‍ വലിയ നടപന്തല്‍ വരെ ചൂടുവെള്ള ലഭ്യത ഉറപ്പാക്കും.2000 സ്റ്റീല്‍ കുപ്പികളില്‍ ചുക്കു വെള്ളം നിറച്ച് മലകയറുന്ന ഭക്തര്‍ക്ക് നല്‍കും. മലയിറങ്ങുമ്പോള്‍ ബോട്ടില്‍ മടക്കി നല്‍കണം.സന്നിധാനം മുതല്‍ ശരംകുത്തി വരെ 60 ഓളം ചുക്ക് വെള്ള കൗണ്ടറുകളും സജ്ജീകരിക്കും. മണിക്കൂറില്‍ 4000 ലിറ്റര്‍ സംഭരണശേഷിയുള്ള ശരം കുത്തിയിലെ ബോയിലറിന്റെ ശേഷി പതിനായിരം ലിറ്റര്‍ ആക്കി വര്‍ദ്ധിപ്പിച്ചു. മരക്കൂട്ടം മുതല്‍ ആയിരം പേര്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ ഇരിപ്പിടങ്ങളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. പമ്പയില്‍ വനിതകള്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രമുണ്ടാവും. വനിത ഫെസിലിറ്റേഷന്‍ സെന്ററില്‍ 50 പേര്‍ക്ക് കൂടി സൗകര്യം ഒരുക്കും,

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അരവണയും അപ്പവും യഥേഷ്ടം ലഭ്യമാകാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എസ്എംഎസ് മുഖേന തീർത്ഥാടകർക്ക് വിവരങ്ങൾ നൽകാൻ ദേവസ്വം ബോർഡ് പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. വൃശ്ചികം ഒന്നിന് 40 ലക്ഷം കണ്ടെയ്നർ അരവണ കരുതൽ ശേഖരമായി ഉണ്ടാകും. 350 ഓളം ജീവനക്കാർ 3 ഷിഫ്റ്റുകളിലായി 24 മണിക്കൂറും അരവണ ഉത്പാദിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!